മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് കനത്ത തിരിച്ചടി. ചോറ്റാനിക്കര കോടതിയില്‍ തുടങ്ങാനിരിക്കുന്ന വിചാരണ തടയണമെന്ന അഗസ്റ്റിൻ സഹോദരങ്ങളുടെ ഹര്‍ജി ഹൈക്കോടതി തള്ളി.വിചാരണ ആറുമാസത്തില്‍ പൂർത്തിയാക്കാൻ ചോറ്റാനിക്കര കോടതിക്ക് ഹൈക്കോടതി നിർദേശം നല്‍കി. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.ചോറ്റാനിക്കര കോടതിയില്‍ ഉള്ളതും വയനാട്ടിലെയും കേസുകള്‍ ഒരേ കുറ്റകൃത്യങ്ങളില്‍ ഉള്ളതാണെന്നും ഇവ ഒരുമിച്ച് വിചാരണ നടത്തണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം. കേസിലെ കുറ്റപ്പത്രം വായിച്ച് കേള്‍പ്പിക്കാനായി നേരിട്ട് ഹാജരാകാൻ പ്രതികള്‍ക്ക് ചോറ്റാനിക്കര കോടതി നിർദ്ദേശം നല്‍കിയിരുന്നു. ഇതിനെതിരെയായിരുന്നു പ്രതികളുടെ നീക്കം. തങ്ങള്‍ക്കെതിരെ വയനാട്ടിലും ചോറ്റാനിക്കരയിലുമുള്ളത്. ഒരേ കുറ്റകൃത്യത്തിന്മേലുള്ള കേസുകളാണെന്നും ഇതെല്ലാം ഒന്നായി പരിഗണിക്കണമെന്നുമാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ചോറ്റാനിക്കരയിലെ വഞ്ചനാക്കേസിന് വയനാട് മരം മരംമുറി കേസുമായി ബന്ധമില്ലെന്നായിരുന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് മുറിച്ച് കടത്തിയമരം, മതിയായ രേഖകള്‍ ഉണ്ടെന്ന് തെറ്റദ്ധരിപ്പിച്ച് പടമുകളിലെ തടി വ്യാപരിക്ക് റോജി അഗസ്റ്റിനും ജോസുട്ടി അഗസ്റ്റിനും ആന്‍റോ അഗസ്റ്റിനും വിറ്റിരുന്നു. മരം പിന്നീട് വനംവകുപ്പ് കണ്ടുകെട്ടി. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അഗസ്റ്റിൻ സഹോദരങ്ങള്‍ക്കെതിരെ വഞ്ചനാക്കേസെടുത്തത്. ശനിയാഴ്ചയാണ് ചോറ്റാനിക്കര കോടതി ഇനി കേസ് പരിഗണിക്കുന്നത്.
മുട്ടില്‍ മരംമുറി കേസ്; അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് കനത്ത തിരിച്ചടി; ചോറ്റാനിക്കര കോടതി വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
