വാഹനങ്ങളുടെ പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് സുപ്രീംകോടതി

വാഹനങ്ങളുടെ പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന നിയമം കര്‍ശനമായി നടപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.ഇതുസംബന്ധിച്ച്‌ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടു.മലയാളിയായ ഡോക്ടര്‍ ജ്യോതിദേവ് കേശവദേവിന്റെ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. യാത്രക്കാരുടെ സീറ്റ് ബെല്‍റ്റ് ധരിക്കലുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികള്‍, നിയമം നടപ്പാക്കിയതിന്റെ റിപ്പോര്‍ട്ട്, പിഴചുമത്തിയതിന്റെ രേഖകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാകണം സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. സീറ്റ് ബെല്‍റ്റ് ധരിക്കല്‍ പേരിന് ചെയ്യേണ്ട വെറും നടപടിക്രമമല്ലെന്നും ജീവന്‍രക്ഷാ സംവിധാനമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നിയമം നടപ്പാക്കേണ്ടവര്‍ക്ക് കണ്ണടച്ചിരിക്കാനാവില്ലെന്നും കര്‍ശനമായിത്തന്നെ നടപ്പാക്കണമെന്നും കോടതി പറഞ്ഞു.സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുകൊണ്ട് വാഹനാപകടങ്ങളില്‍ മരണം സംഭവിക്കുന്നുണ്ടെന്ന് ഹര്‍ജിക്കാരനുവേണ്ടി അഡ്വ. വില്‍സ് മാത്യു കോടതിയില്‍ ചൂണ്ടിക്കാട്ടി. 2005 മുതലുള്ള കര്‍ശനമായ നിയമമാണെങ്കിലും പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റിടുന്നത് ഇപ്പോഴും വളരെക്കുറവാണെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. 2024-ലെ 80 ശതമാനം വാഹനാപകട മരണങ്ങളിലും സീറ്റ് ബെല്‍റ്റുണ്ടായിരുന്നില്ല. പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റു ധരിക്കല്‍ കേവലം അഞ്ചുശതമാനം മാത്രമാണെന്നും അമിക്കസ് ക്യൂറി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *