പരീക്ഷാ ക്രമക്കേട്: എസ്‌ഐടി നിലപാടിനെതിരെ പിഎസ്‌സി ഹൈക്കോടതിയിലേക്ക്

സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ പരീക്ഷാ ക്രമക്കേട് പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍, പ്രത്യേക അന്വേഷണസംഘം നല്‍കിയ നോട്ടീസിനെതിരെ പിഎസ്‌സി ഹൈക്കോടതിയിലേക്ക്.ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന എസ്‌ഐടിയുടെ നിലപാടില്‍ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് ഈ നീക്കം.ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ പ്രോട്ടോക്കോളും പ്രത്യേക പദവിയും ചൂണ്ടിക്കാട്ടിയാണ് നടപടിയെ നിയമപരമായി നേരിടാൻ കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചുവരുത്തുന്നതില്‍ നിയമപരമായ തടസങ്ങളുണ്ടെന്നും, മൊഴിയെടുക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അന്വേഷണസംഘം പിഎസ്‌സി ആസ്ഥാനത്തെത്തി അത് ചെയ്യണമെന്നുമാണ് പിഎസ്‌സിയുടെ വാദം. എന്നാല്‍, എവിടെവെച്ച്‌ ചോദ്യം ചെയ്യണമെന്ന് തീരുമാനിക്കുന്നത് അന്വേഷണ ഏജൻസിയുടെ വിവേചനാധികാരമാണെന്നും പ്രോട്ടോക്കോള്‍ തടസമല്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് എസ്‌ഐടി.അതിനിടെ, പിഎസ്‌സി അംഗങ്ങളെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തുന്നതിലെ നിയമവശങ്ങളില്‍ എസ്‌ഐടിയും നിയമോപദേശം തേടാൻ തീരുമാനിച്ചു. ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാൻ ആവശ്യപ്പെടുന്നതില്‍ എന്തെങ്കിലും നിയമപ്രശ്നങ്ങള്‍ ഉണ്ടോയെന്നും, ഹൈക്കോടതിയുടെ മുൻകാല ഉത്തരവുകള്‍ പിഎസ്‌സിക്ക് അനുകൂലമാണോയെന്നും അന്വേഷണസംഘം വിശദമായി പരിശോധിക്കും. സർക്കാരില്‍ നിന്നും നിയമവിദഗ്ധരില്‍ നിന്നും ലഭിക്കുന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും എസ്‌ഐടിയുടെ തുടർനടപടികള്‍. ഇതിന്റെ പശ്ചാത്തലത്തില്‍ പിഎസ്‌സിയിലെ കൂടുതല്‍ അംഗങ്ങള്‍ക്ക് ഉടൻ നോട്ടിസ് അയക്കേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിന്റെ താല്‍ക്കാലിക തീരുമാനം നിലവില്‍ പിഎസ്‌സിയുടെ നാല് അംഗങ്ങള്‍ക്കാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുള്ളത്. പിഎസ്‌സി ചെയർമാൻ ഉള്‍പ്പെടെ പതിനാറ് പേർക്കെതിരെയാണ് പരാതിയുള്ളത്. കേസില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയത്തിലാണ് എസ്‌ഐടി.

Leave a Reply

Your email address will not be published. Required fields are marked *