നീതിന്യായ വ്യവസ്ഥയില്‍ ‘കറുത്ത ആടുകള്‍’ പെരുകുന്നതായും കോടതികള്‍ ഭൂരിപക്ഷവാദത്തിലേക്ക് നീങ്ങുന്നതായും സുപ്രിം കോടതി മുൻ ജഡ്ജി ദീപക് ഗുപ്ത.എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് ആത്മപരിശോധന നടത്തേണ്ടത് ഉയർന്ന തലത്തിലുള്ള ജഡ്ജിമാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.”ന്യായാധിപന്മാരില് ഭൂരിഭാഗവും സത്യസന്ധതയും അഖണ്ഡതയുമുള്ള സ്ത്രീപുരുഷന്മാരാണ്, എന്നാല്‍ ഇതില്‍ നിന്ന് വ്യതിചലിക്കുന്നവരുടെ (‘കറുത്ത ആടുകളുടെ’) എണ്ണം വർധിച്ചുവരികയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഏറ്റവും ഉയർന്ന തലത്തിലുള്ള ന്യായാധിപന്മാർ ആത്മപരിശോധന നടത്തേണ്ടതുണ്ട്. നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഇത് ചെയ്തേ തീരൂ; കാരണം നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാല്‍, ജുഡീഷ്യറി തന്നെ പ്രസക്തിയില്ലാത്തതായി മാറും. അത് ജനാധിപത്യ ഇന്ത്യയുടെ ചരമഗീതമായിരിക്കും. ജനാധിപത്യമില്ലാത്തിടത്ത് ജനങ്ങള്‍ക്ക് ഒരിക്കലും സ്വതന്ത്രരായോ പരമാധികാരത്തോടെയോ ജീവിക്കാനാകില്ല.” ജസ്റ്റിസ് ദി ട്രിബ്യൂണലില്‍ എഴുതിയ ലേഖനത്തില്‍ കുറിച്ചു.സ്വാതന്ത്ര്യം എന്നത് വിദേശച്ചങ്ങല പൊട്ടിച്ചെറിയല് മാത്രമല്ല. പൗരന്മാർക്ക് ഭയമില്ലാതെ ചിന്തിക്കാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം ലഭിക്കുമ്പോഴാണ് നാം ഒരു സ്വതന്ത്ര രാഷ്ട്രമാകുന്നത്. പൗരന്മാർക്ക് വിയോജിപ്പിന്റെ ശബ്ദം ഉയർത്താനും അവരുടെ അഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാനും കഴിയുമ്പോഴാണ് നാം സ്വതന്ത്രരാകുന്നത്.സ്വതന്ത്രവും ഭയരഹിതവുമായ ഒരു ജുഡീഷ്യറിയില്ലെങ്കില്‍ ഒരു രാജ്യത്തിനും സ്വതന്ത്രമാണെന്ന് അവകാശപ്പെടാൻ കഴിയില്ല. സത്യസന്ധതയും ബുദ്ധിശക്തിയും എല്ലാറ്റിനുമുപരി നട്ടെല്ലും ഉള്ള ജഡ്ജിമാർ നമുക്കുണ്ടെങ്കില്‍ മാത്രമേ അത് നേടാനാകൂ. നീതിക്കുവേണ്ടി നിലകൊള്ളാനുള്ള കരുത്തും അനീതിക്കെതിരെ പോരാടാനുള്ള ധൈര്യവും. ഭയമോ പക്ഷപാതമോ ഇല്ലാതെ പ്രവർത്തിക്കുമെന്ന പ്രതിജ്ഞയില്‍ സത്യസന്ധത പുലർത്താൻ കഴിയുന്ന ജഡ്ജിമാർ.സുപ്രിംകോടതിയും ഹൈക്കോടതിയും ഉള്‍പ്പെടെയുള്ള കോടതികള്‍ തര്‍ക്കങ്ങളില്‍ മധ്യസ്ഥര്‍ മാത്രമല്ല, പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യേണ്ടവരാണ്. ദുഃഖകരമെന്നു പറയട്ടെ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഭരണഘടനാ കോടതികള്‍ ആവശ്യമായ സംവേദനക്ഷമതയോ ശക്തിയോ കാണിച്ചിട്ടില്ല.ഉമർ ഖാലിദ് ആറ് വർഷത്തിലേറെയായി തടവറയിലാണ്, വിചാരണ ഇതുവരെ ആരംഭിച്ചിട്ടുപോലുമില്ല. അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ കാര്യമെന്താണ്? ന്യായമായ സമയത്തിനുള്ളില്‍ വിചാരണ പൂർത്തിയാക്കാനുള്ള അദ്ദേഹത്തിന്റെ അവകാശത്തിന്റെ സ്ഥിതിയെന്താണ്? പില്ക്കാലത്തുണ്ടായ മറ്റൊരു വിധിയില്‍ സുപ്രിംകോടതി തന്നെ ഖാലിദിന്റെ കേസില്‍ പുറപ്പെടുവിച്ച വിധിയുടെ സാധുതയെ ചോദ്യം ചെയ്തിട്ടുണ്ട്.ഈ പ്രക്രിയ ശിക്ഷയായി മാറിയിരിക്കുന്നു. ആളുകളെ ദേശവിരുദ്ധരായി മുദ്രകുത്തി ശിക്ഷിക്കുകയും അവരുടെ ജീവിതം നശിപ്പിക്കുകയും ചെയ്യുന്നു. നിർഭാഗ്യവശാല്‍, കോടതികള്‍ ഈ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നില്ല.സോനം വാങ്ചുക് ആറു മാസത്തോളം തടങ്കലിലായിരുന്നു. ഹേബിയസ് കോർപ്പസ് ഹരജികളില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് നിയമം പഠിക്കുന്ന ഏതൊരു വിദ്യാർഥിക്കുമറിയാം. എന്നാല്‍ ഈ കേസില്‍, വിഷയം പുനഃപരിശോധിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചുകൊണ്ട് സുപ്രിംകോടതി കേസ് തുടർച്ചയായി മാറ്റിവെക്കുകയാണുണ്ടായത്. ഒടുവില്‍, കോടതി തീരുമാനം തങ്ങള്‍ക്ക് അനുകൂലമാകാൻ സാധ്യതയില്ലെന്ന് അധികാരികള്‍ക്ക് ബോധ്യപ്പെട്ടപ്പോള്‍ തടങ്കല്‍ ഉത്തരവ് പിൻവലിക്കപ്പെട്ടു. എന്നാല്‍ അത്ഭുതകരമെന്നു പറയട്ടെ, അതോടെ കേസ് പ്രസക്തിയില്ലാത്തതായി തീർന്നെന്നാണ് കോടതി നിരീക്ഷിച്ചത്. വാങ്ചുക്കിന്റെ തടങ്കല്‍ നിയമപരമായിരുന്നോ അല്ലയോ എന്ന് കോടതി അടിയന്തരമായി തീർപ്പു കല്പ്പിക്കണമായിരുന്നുവെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.രാമജന്മഭൂമി കേസില്‍, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട മറ്റ് തർക്കങ്ങളൊന്നും പരിഗണിക്കുകയോ പുനഃപരിശോധിക്കുകയോ ഇല്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വിധിന്യായം എഴുതിയ ന്യായാധിപൻ തന്നെ, പിന്നീട് ഗ്യാൻവാപി മസ്ജിദ് കേസില്‍-ഇപ്പോള്‍ മസ്ജിദ് നില്‍ക്കുന്നിടത്ത് മുൻപ് ക്ഷേത്രം ഉണ്ടായിരുന്നോ എന്ന് കണ്ടെത്താൻ എഎസ്ഐയോട് നിർദേശിച്ച ഉത്തരവ് ശരിവെക്കുകയാണുണ്ടായത്. ഇത് കേവലം ഒരു അന്വേഷണം മാത്രമാണെന്നും വിഷയത്തിലെ അന്തിമ തീരുമാനമല്ലെന്നുമുള്ള വ്യാജമായ കാരണം ഉന്നയിച്ചായിരുന്നു ഈ നടപടി. ഈ ഉത്തരവ് കേസ്സുകളുടെ വൻ പ്രവാഹത്തിനാണ് വഴിതുറന്നിരിക്കുന്നത്. ഇത് സമുദായങ്ങള്‍ തമ്മിലുള്ള സൗഹാർദത്തെ ബാധിക്കുകയും ചെയ്യും. തന്റെ വീക്ഷണത്തില്‍, ഭൂരിപക്ഷ വിഭാഗത്തെ പ്രീതിപ്പെടുത്താനായി കൈക്കൊണ്ട ഒരു തീരുമാനമാണിതെന്നും ജസ്റ്റിസ് പറഞ്ഞു.കഴിഞ്ഞ കുറച്ച് മാസങ്ങളായി സുപ്രിംകോടതിയിലേക്ക് നിരവധി നിയമനങ്ങള്‍ നടന്നിട്ടുണ്ട്. ചില ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെയും നിയമിച്ചിട്ടുണ്ട്. മിക്കവാറും എല്ലാവരും, അല്ലെങ്കിലും, ഉയർന്ന ജാതിക്കാരാണ്. ഭൂരിഭാഗവും ബ്രാഹ്മണരാണ്. മറ്റ് സമുദായങ്ങളിലും മതങ്ങളിലും കഴിവിന്റെ അഭാവമുണ്ടെന്ന് പറയാനാവില്ല. രാജ്യത്തെ മികച്ച 50 ഹൈക്കോടതി ജഡ്ജിമാരില്‍, സീനിയോറിറ്റിയില്‍ വളരെ ഉയർന്നവരായ പലരും മറ്റ് മതങ്ങളിലും സമുദായങ്ങളിലും പെട്ടവരാണ്. അവർ കുറ്റമറ്റ സത്യസന്ധതയും കഴിവും ഉള്ള സ്ത്രീപുരുഷന്മാരാണ്. നിയമിക്കപ്പെടുന്ന വ്യക്തികളെ ഞാൻ കുറ്റപ്പെടുത്തുന്നില്ല, പക്ഷേ സുപ്രിംകോടതി, അത് രാജ്യത്തിന്റെ പരമോന്നത കോടതിയാകണമെങ്കില്, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രാതിനിധ്യം ഉണ്ടായിരിക്കണമെന്നും ജസ്റ്റീസ് ദീപക് ഗുപ്ത പറഞ്ഞു.
നീതിന്യായ വ്യവസ്ഥയില്‍ ‘കറുത്ത ആടുകള്‍’ പെരുകുന്നു; കോടതികള്‍ ഭൂരിപക്ഷവാദത്തിലേക്ക് നീങ്ങുന്നതായി ജസ്റ്റിസ് ദീപക് ഗുപ്ത
