തൃക്കാക്കര മോര്‍ഫിങ് കേസ്: സനീഷിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ പൊലീസ് നിര്‍ദേശം

തൃക്കാക്കര ഭാരത മാതാ കോളേജുമായി ബന്ധപ്പെട്ട മോർഫിങ് കേസില്‍ അറസ്റ്റിലായ സനീഷിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാൻ പൊലീസ് നടപടി തുടങ്ങി.കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയ അക്കൗണ്ട് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ബാങ്കിന് കത്ത് നല്‍കി.പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ശേഖരിച്ച്‌ അവ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ആവശ്യപ്പെടുന്നവർക്ക് പണം വാങ്ങി നല്‍കുന്ന രീതിയിലായിരുന്നു സനീഷിന്റെ പ്രവർത്തനമെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതിനായി ഇയാള്‍ ‘മല്ലു പ്രീമിയം’ എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി.250 രൂപ ഈടാക്കിയാണ് ഗ്രൂപ്പില്‍ അംഗത്വം നല്‍കിയിരുന്നത്. ചിത്രങ്ങള്‍ക്കായുള്ള പണമിടപാടുകള്‍ നടന്ന അക്കൗണ്ടാണ് നിലവില്‍ മരവിപ്പിക്കാൻ പൊലീസ് നിർദേശം നല്‍കിയിരിക്കുന്നത്. കുറ്റകൃത്യത്തിലൂടെ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടിരുന്നതായാണ് പൊലീസിന്റെ നിഗമനം.കേസില്‍ ആദ്യം അറസ്റ്റിലായ കെഎസ്‌യു നേതാവ് ശ്രീഹരി ഗ്രൂപ്പില്‍ പങ്കുവച്ച ചിത്രങ്ങള്‍ സനീഷ് മറ്റ് ആളുകള്‍ക്ക് കൈമാറിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ടെലഗ്രാം ഉപയോഗിച്ചതിനാല്‍ തങ്ങളെ കണ്ടെത്താൻ കഴിയില്ലെന്ന ധാരണയിലായിരുന്നു സംഘം പ്രവർത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.മല്ലു പ്രീമിയം’ ഗ്രൂപ്പില്‍ എത്രപേർ അംഗങ്ങളായിരുന്നു, ഇവർ ആരൊക്കെയാണ് തുടങ്ങിയ കാര്യങ്ങളില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. നിലവില്‍ ഗ്രൂപ്പ് ഡിലീറ്റ് ചെയ്ത നിലയിലാണ്. ഗ്രൂപ്പിലെ വിവരങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളും പൊലീസ് നടത്തിവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *