ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുകളില്‍ നടപടികള്‍ വൈകുന്നു; സംസ്ഥാനത്ത് എംപി, എംഎല്‍എമാര്‍ക്കെതിരെ തീര്‍പ്പാകാതെ 652 ക്രിമിനല്‍ കേസുകള്‍

സംസ്ഥാനത്തെ എംപിമാർക്കും എംഎല്‍എമാർക്കുമെതിരായ 652 ക്രിമിനല്‍ കേസുകള്‍ നിലവില്‍ തീർപ്പാകാതെ തുടരുന്നതായി ഹൈക്കോടതിയില്‍ സമർപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.ജില്ലാ ജുഡീഷ്യറി രജിസ്ട്രാറും പൊലീസും നല്‍കിയ വിവരങ്ങളിലാണ് ഇതു വ്യക്തമാക്കുന്നത്. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുകളില്‍ നടപടികള്‍ വൈകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഹൈക്കോടതി പരിശോധിച്ചു. ചില കേസുകളില്‍ ജനപ്രതിനിധികള്‍ക്ക് സമൻസും വാറന്റും നല്‍കിയിട്ടുണ്ടെങ്കിലും അതേ കേസുകളിലെ കൂട്ടുപ്രതികള്‍ക്ക് അവ നല്‍കാൻ കഴിഞ്ഞിട്ടില്ലെന്ന് രജിസ്ട്രി കോടതിയെ അറിയിച്ചു. ഇത്തരത്തില്‍ സമൻസ് അല്ലെങ്കില്‍ വാറന്‍റ് നല്‍കാൻ കഴിയാതെ വന്ന സാഹചര്യങ്ങളെക്കുറിച്ച്‌ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിയോട് കോടതി നിർദേശിച്ചു.ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകളുടെ പുരോഗതി നിരീക്ഷിക്കുന്നതിനായി സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് 2021ല്‍ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ് ഇപ്പോഴത്തെ നടപടികള്‍. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വിചാരണ സ്റ്റേ ചെയ്തിട്ടുള്ള കേസുകളുണ്ടെങ്കില്‍ അവയുടെ വിവരങ്ങള്‍ അറിയിക്കാനും രജിസ്ട്രിക്ക് നിർദേശം നല്‍കിയിട്ടുണ്ട്.പഴക്കമുള്ള കേസുകളിലും നടപടികള്‍ പൂർത്തിയാകാത്ത സാഹചര്യമുണ്ട്. രണ്ടു വർഷത്തിലേറെ പഴക്കമുള്ള 30 കേസുകളിലും അഞ്ച് വർഷത്തിലധികം പഴക്കമുള്ള 14 കേസുകളിലും സമൻസ്/വാറന്റ് നല്‍കാനുണ്ട്. അഡീഷനല്‍ ചീഫ് സെക്രട്ടറി നല്‍കിയ റിപ്പോർട്ടില്‍, അഞ്ച് വർഷത്തിലധികം പഴക്കമുള്ള നാല് കേസുകളിലും രണ്ട് വർഷത്തിലധികം പഴക്കമുള്ള 13 കേസുകളിലും സമൻസ് നല്‍കാനുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേസുകളുടെ പുരോഗതിയും ബന്ധപ്പെട്ട റിപ്പോർട്ടുകളും പരിശോധിക്കുന്നതിനായി വിഷയം 29ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *