പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം: കേസിൻ്റെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

എറണാകുളം:കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസിൻ്റെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയ സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ജി. ഗിരീഷിൻ്റെ ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം 14 വരെയാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിലെ വിചാരണ നടപടികൾ തടഞ്ഞത്.സർക്കാരിനോട് വിശദീകരണം തേടിവിചാരണ പുരോഗമിക്കുന്നതിനിടെ യാതൊരു കാരണവുമില്ലാതെയാണ് തന്നെ മാറ്റിയതെന്ന് ചൂണ്ടിക്കാട്ടി മുൻ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. ജബ്ബാർ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി, പ്രോസിക്യൂട്ടറെ മാറ്റിയതുമായി ബന്ധപ്പെട്ട തീരുമാനത്തിൻ്റെ ഫയലുകൾ ഹാജരാക്കാനും വിശദീകരണം നൽകാനും സർക്കാരിനോട് നിർദേശിച്ചു.ഇതിനായി ഒരു ആഴ്ചത്തെ സാവകാശമാണ് സംസ്ഥാന സർക്കാർ കോടതിയിൽ തേടിയത്. പുതിയ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനായ അഡ്വ. ജി. സുഭദേവനെ കേസിൽ മൂന്നാം എതിർകക്ഷിയാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിനും നിലപാട് അറിയിക്കാൻ കോടതി സമയം അനുവദിച്ചു. ഹർജിക്കാരനുവേണ്ടി സീനിയർ അഭിഭാഷകൻ കെ. ഗോപാലകൃഷ്ണക്കുറുപ്പും, മൂന്നാം എതിർകക്ഷിക്കുവേണ്ടി അഡ്വ. ജോൺസൺ ഗോമസ്, അഡ്വ. സഞ്ജയ് ജോൺസൺ എന്നിവരും ഹാജരായി.നടുക്കുന്ന ഓർമയായി പുറ്റിങ്ങൽ ദുരന്തം2016 ഏപ്രിൽ 10-നാണ് കേരളത്തെയാകെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തമുണ്ടായത്. കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന വെടിക്കെട്ടിനിടെ പുലർച്ചെ 3.11-നായിരുന്നു നാടിനെ നടുക്കിയ സ്ഫോടനംഅതിദാരുണമായ ഈ അപകടത്തിൽ 110 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. 656 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ അഞ്ഞൂറോളം പേരുടെ പരിക്ക് ഗുരുതരമായിരുന്നു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ ക്ഷേത്രത്തിന് സമീപത്തെ 358 വീടുകൾക്ക് നാശനഷ്ടമുണ്ടായി. റവന്യു അധികൃതർ കണക്കാക്കിയിട്ടുള്ള വിവരങ്ങൾ പ്രകാരം 2.58 കോടി രൂപയുടെ നഷ്ടമാണ് അന്നുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *