ഈട് നൽകിയ രേഖകൾ നഷ്ടപ്പെടുത്തി; എസ്‌ബിഐ പ്രതിദിനം 5,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

മുംബൈ: വായ്പ ലഭിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഈടായി നൽകിയിരുന്ന രേഖകൾ നഷ്ടപ്പെട്ടതിനെത്തുടർന്ന് മാസം 5000 രൂപ സ്ഥാപനത്തിന് നഷ്ടപരിഹാരം നൽകാൻ ബാങ്കിനോട് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. ഈടായി നൽകിയ രണ്ട് വസ്തുക്കളുടെ ഉടമസ്ഥാവകാശ രേഖകൾ നഷ്ടപ്പെട്ടതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സമ്മതിച്ചിരുന്നു. മുൻകാല പ്രാബല്യത്തോട് 2023 ഡിസംബർ 1 മുതൽ ദിവസേന 5,000 രൂപ വീതം നഷ്ടപരിഹാരം നൽകാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. ബാങ്ക് സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പുനർനിർമിച്ച രേഖകളും നൽകുന്നത് വരെ ഈ തുക നൽകണം.1979ൽ വായ്പയ്ക്കുള്ള ഈടായി ഇൻ വോഗ് ക്രിയേഷൻസ് ബാങ്കിൽ സമർപ്പിച്ചതായിരുന്നു ഈ രേഖകൾ. 2003 ഓടെ സ്ഥാപനം ഈ വായ്പ പൂർണമായി തിരിച്ചടച്ചെങ്കിലും രേഖകൾ തിരികെ നൽകിയിരുന്നില്ല. മാത്രമല്ല അവ പിന്നീട് കണ്ടെത്താനും കഴിഞ്ഞില്ല.വായ്പ തിരിച്ചടച്ചയുടൻ സ്ഥാപനം ഉടമസ്ഥാവകാശ രേഖകൾക്കായി ഉടൻ സമീപിച്ചില്ലെന്ന ബാങ്കിന്റെ വാദം കോടതി തള്ളി. രേഖകൾ സുരക്ഷിതമായി സൂക്ഷിക്കേണ്ട ബാധ്യതയിൽ നിന്ന് ബാങ്കിന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *