ജിറാം ഗാട്ടി ആക്രമണം: 10 മാവോയിസ്റ്റുകൾ കുറ്റക്കാരെന്ന് എൻ.ഐ.എ കോടതി; വിധി 13 വർഷത്തിന് ശേഷം

റായ്പൂർ: ഛത്തീസ്ഗഡിലെ കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് പൂർണ്ണമായി തുടച്ചുനീക്കിയ ജിറാം ഗാട്ടി ആക്രമണത്തിൽ 10 മാവോയിസ്റ്റുകൾ കുറ്റക്കാരാണെന്ന് എൻ.ഐ.എ കോടതി കണ്ടെത്തി. 13 വർഷത്തിന് ശേഷമാണ് കോടതി വിധി പ്രഖ്യാപിക്കുന്നത്. സെപ്റ്റംബർ 16-ന് കോടതി ശിക്ഷാവിധി പ്രഖ്യാപിക്കും.2013 മെയ് 25-ന് ജിറാം ഗാട്ടിയിൽ കോൺഗ്രസിന്റെ പരിവർത്തൻ റാലിക്ക് നേരെ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ ഛത്തീസ്ഗഡിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ അടക്കം 27 പേർ കൊല്ലപ്പെട്ടിരുന്നു. റാലി കഴിഞ്ഞ് മടങ്ങുകയായിരുന്ന നേതാക്കളുടെ വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റുകൾ പതിയിരുന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു. 10 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. പ്രമീള മോദിയം, ചൈതു ലേകം എന്ന മുണ്ണ, സുമിത എന്ന പുനം മോദിയം, മുക്ക മാൻഡ്‌വി, കോസ കവാസി എന്ന കൊസറാം, ആയത മാർകം, മദ്കാമി ദേവ, ജോഗ മാദ്കാമി, ബഞ്ചമി സ്ന്ന എന്ന ചമ്രു, മഹാദേവ് നാഗ് എന്നിവരെയാണ് ആക്രമണം നടന്ന് രണ്ട് ദിവസത്തിന് ശേഷം എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തു. 2014 സെപ്റ്റംബർ 25-ന് ജഗദൽപൂരിലെ എൻ.ഐ.എ പ്രത്യേക കോടതിയിൽ അറസ്റ്റിലായ ഒൻപത് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. 2015 സെപ്റ്റംബർ 28-ന് കൂടുതൽ പ്രതികളായ 30 പേർക്കെതിരെ സപ്ലിമെന്ററി കുറ്റപത്രവും സമർപ്പിച്ചു. 11 പേരെ അറസ്റ്റ് ചെയ്തെങ്കിലും, ഒരു ദശകത്തിലേറെ നീണ്ടുനിന്ന വിചാരണയ്ക്കിടയിൽ ഒരാൾ മരിച്ചു.മാവോയിസ്റ്റ് വിരുദ്ധ സായുധ സംഘടനയായ ‘സൽവ ജുഡും’ സ്ഥാപക നേതാക്കളിലൊരാളും മുൻ മന്ത്രിയുമായ മഹേന്ദ്ര കർമ്മ, അന്നത്തെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നന്ദ് കുമാർ പട്ടേൽ, മകൻ ദിനേശ് പട്ടേൽ, മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ഉദയ് മുദ്‌ലിയാർ തുടങ്ങിയവർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. മഹേന്ദ്ര കർമ്മയായിരുന്നു ആക്രമണത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *