യുപിയില്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫീസ് വളപ്പിലെ പള്ളി കെട്ടിടം പൊളിച്ചുനീക്കി; മജിസ്ട്രേറ്റാണ് പള്ളി പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്

ഉത്തർപ്രദേശിലെ സഹാറാൻപുരില്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫീസ് വളപ്പിലെ മുസ്ലീം പള്ളി പൊളിച്ചുനീക്കി. അനധികൃത നിർമാണെന്ന കണ്ടെത്തലിന് പിന്നാലെ മജിസ്ട്രേറ്റാണ് പള്ളി പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്.തുടർന്ന് ശനിയാഴ്ച പുലർച്ചെയോടെയാണ് അധികൃതർ പള്ളിയുടെ കെട്ടിടം പൊളിക്കാൻ ആരംഭിച്ചത്. അതിനിടെ, വിവരമറിഞ്ഞ് സ്ഥലത്തേക്ക് തിരിക്കാൻ ഒരുങ്ങിയ സമാജ് വാദി പാർട്ടി എംപി ഇഖ്റ ഹസ്സനെ പൊലീസ് വീട്ടുതടങ്കലിലാക്കിയതായും പരാതിയുണ്ട്.ജില്ലാ മജിസ്ട്രേറ്റ് ഓഫീസ് വളപ്പില്‍ സർക്കാർ ഭൂമി കൈയേറി അനധികൃതമായാണ് പള്ളിയുടെ കെട്ടിടം നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി ബജ്റങ്ദള്‍ മുൻ കോർഡിനേറ്ററായ വികാസ് ത്യാഗിയാണ് പരാതി നല്‍കിയിരുന്നത്. അനധികൃതമായി കെട്ടിടം നിർമിച്ച്‌ ഇതിലെ മറ്റു മുറികള്‍ പള്ളിക്കമ്മിറ്റി വാടകയ്ക്ക് നല്‍കിയിരുന്നതായും പരാതിയിലുണ്ടായിരുന്നു. തുടർന്ന് മജിസ്ട്രേറ്റ് കുല്‍ദീപ് സിങ് പരാതിയില്‍ വാദം കേട്ടു. ഇതിനുപിന്നാലെയാണ് പള്ളി കെട്ടിടം പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്. സർക്കാർ ഓഫീസുകളുടെ സുരക്ഷയെ ബാധിക്കുന്ന കൈയേറ്റമായതിനാല്‍ കെട്ടിടം പൊളിച്ചുനീക്കുന്നത് അനിവാര്യമാണെന്നായിരുന്നു മജിസ്ട്രേറ്റിന്റെ ഉത്തരവ്. സർക്കാർ ഭൂമി കൈയേറിയതിന് 6.41 കോടി രൂപ പിഴയും ചുമത്തി.

Leave a Reply

Your email address will not be published. Required fields are marked *