ജയിലില്‍ ആത്മീയ പുസ്തകങ്ങള്‍ അനുവദിക്കണം; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ പ്രതിയുടെ ആവശ്യം അംഗീകരിച്ച്‌ കോടതി

ജയിലില്‍ മതപരമായ പുസ്തകങ്ങള്‍ ലഭിക്കുന്നതിനായി കോടതിയുടെ അനുമതി തേടി നീറ്റ്-യുജി 2026 ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതിയായ ധനഞ്ജയ് ലോഖണ്ഡെയുടെ ഹര്‍ജിയില്‍ അനുകൂല വിധി.കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത പ്രതി ഡല്‍ഹിയിലെ തിഹാര്‍ ജയിലിലാണ് നിലവില്‍ ഉള്ളത്. ധനഞ്ജയ് ലോഖണ്ഡെയ്ക്ക് ഹനുമാന്‍ ചാലിസയുടെയും മംഗള്‍ സ്‌തോത്രത്തിന്റെയും അച്ചടിച്ച പുസ്തകങ്ങളും മറാത്തി എഴുത്തുകാരന്‍ രഞ്ജിത് ദേശായി എഴുതിയ ഛത്രപതി ശിവജിയെക്കുറിച്ചുള്ള ജീവചരിത്ര നോവലായ ശ്രീമാന്‍ യോഗിയുടെ പകര്‍പ്പും നല്‍കാന്‍ ജയില്‍ അധികൃതരോട് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ ചൊവ്വാഴ്ച ലോഖണ്ഡെയുടെ അഭിഭാഷകന്‍ വിക്രം സിംഗ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് അനുമതി. സുരക്ഷാ അനുമതിക്ക് വിധേയമായി അദ്ദേഹത്തിന്റെ അഭിഭാഷകനോ കുടുംബാംഗങ്ങളോ നല്‍കുന്ന പുസ്തകങ്ങള്‍ കൈമാറാന്‍ സൗകര്യമൊരുക്കാനാണ് ജയില്‍ അധികൃതരോട് കോടതി നിര്‍ദേശിച്ചത്.ചോര്‍ന്ന ചോദ്യപേപ്പറുകള്‍ മഹാരാഷ്ട്രയില്‍ നിന്ന് ഹരിയാനയിലേക്കും തുടര്‍ന്ന് രാജസ്ഥാനിലേക്കും എത്തിച്ചതിന്റെ പ്രധാന കണ്ണി ലോഖണ്ഡെ അണെന്നായിരുന്നു അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. പൂനെ ആസ്ഥാനമായുള്ള ബിസിനസുകാരിയായ മനീഷ വാഗ്മാരില്‍ നിന്ന് ചോദ്യപേപ്പറുകള്‍ ശേഖരിക്കാന്‍ ലോഖണ്ഡെ തന്റെ കൂട്ടാളികളെ അയച്ചിരുന്നു എന്നാണ് സിബിഐ റിപ്പോര്‍ട്ട്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) പാനലിലെ വിഷയ വിദഗ്ധരില്‍ നിന്നും അവര്‍ ചോദ്യപേപ്പര്‍ വാങ്ങിയിരുന്നു.ചോര്‍ന്ന ചോദ്യങ്ങളുടെ ഭൗതിക പകര്‍പ്പുകള്‍ കൈപ്പറ്റിയ ശേഷം, ലോഖണ്ഡെ അവ നാസിക് ആസ്ഥാനമായുള്ള പ്രതി ശുഭം ഖൈര്‍നാറിന്റെ സഹായികള്‍ക്ക് കൈമാറിയതായി ആരോപിക്കപ്പെടുന്നു. ചോര്‍ന്ന ചോദ്യപേപ്പറുകള്‍ പിന്നീട് ഖൈര്‍നാറിന്റെ സഹായികള്‍ ഗുരുഗ്രാമിലെ യാഷ് യാദവിന് കൈമാറിയതായും അവിടെ നിന്ന് അവ രാജസ്ഥാനിലെ സിക്കാറിലെ ബിവാള്‍ കുടുംബത്തിലെത്തിയതായും ആരോപിക്കപ്പെടുന്നു. പി വി കുല്‍ക്കര്‍ണി, മനീഷ ഹവല്‍ദാര്‍, മനീഷ മന്ധാരെ എന്നീ വിഷയ വിദഗ്ദ്ധരായ മൂന്ന് പേര്‍ ഉള്‍പ്പെടെ കേസില്‍ 13 പ്രതികളെ സിബിഐ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസുകള്‍ കേള്‍ക്കാന്‍ വിജ്ഞാപനം ചെയ്ത പ്രത്യേക കോടതി ഈ വിഷയം ദിവസേന കേള്‍ക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *