രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സഞ്ജയ് കെ. അഗര്‍വാളിനെ ശുപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

രാജസ്ഥാൻ ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ. അഗർവാളിനെ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു.രാജസ്ഥാൻ ഹൈക്കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് പുഷ്പേന്ദ്ര സിംഗ് ഭാട്ടിയെ ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസായും മാറ്റാൻ കൊളീജിയം തീരുമാനിച്ചിട്ടുണ്ട്.രാജസ്ഥാൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമ്മയ്‌ക്കെതിരെ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സന്ദീപ് മേത്ത ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതും അഭിഭാഷകർ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയതിനും പിന്നാലെയാണ് കൊളീജിയത്തിന്റെ ഈ അടിയന്തര നീക്കം. അഭിഭാഷകരുടെ പ്രതിഷേധം ശക്തമായതോടെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമ്മ സെപ്റ്റംബർ 5 വരെ അവധിയില്‍ പ്രവേശിക്കുകയും കേസ് പരിഗണനകളില്‍ നിന്ന് സ്വയം മാറിനില്‍ക്കുകയും ചെയ്തു.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയത്തിന്റേതാണ് നിർണായക തീരുമാനം. മുൻപ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ശർമ്മയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിച്ചിരുന്ന പ്രധാന കേസുകളും ഹർജികളും പുതിയ ഡിവിഷൻ ബെഞ്ചിലേക്ക് മാറ്റി പുതിയ റോസ്റ്റർ പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *