തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന്റെ അപ്പീല്‍ ഇന്ന് തിരുവനന്തപുരം സെഷന്‍സ് കോടതി പരിഗണിക്കും

തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന്റെ അപ്പീല്‍ ഇന്ന് തിരുവനന്തപുരം സെഷന്‍സ് കോടതി പരിഗണിക്കും.ലഹരികേസിലെ തൊണ്ടിമുതലായ അടിവസ്ത്രം നശിപ്പിച്ച കേസില്‍ അന്നത്തെ കേസിലെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെ മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് നെടമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. ഈ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപ്പീലാണ് പരിഗണിക്കുന്നത്. കേസില്‍ ശിക്ഷക്കപ്പെട്ടതോടെ അയോഗ്യനായ ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞില്ല. അയോഗ്യത നീക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചിരുന്നില്ല.1990 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അടിവസ്ത്രത്തില്‍ ലഹരിമരുന്ന് ഒളിപ്പിച്ച്‌ കടത്തിയതിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച്‌ ആസ്‌ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി പിടിയിലായി. ഈ കേസില്‍ പ്രതിഭാഗം അഭിഭാഷകനായ കല്ലൂര്‍ സന്‍ഫാറിന്റെ ജൂനിയറായിരുന്നു അന്ന് ആന്റണി രാജു വിചാരണക്കോടതി പ്രതിയായ ആന്‍ഡ്രൂ സാല്‍വദോറിനെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ നല്‍കിയ പ്രതി, തൊണ്ടിമുതലായ അടിവസ്ത്രം തന്റെ ശരീര അളവിന് ചേരുന്നതല്ലെന്ന് കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് ഹൈക്കോടതി പ്രതിയെ വിട്ടയച്ചു. കോടതി സൂക്ഷിച്ചിരുന്ന തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചാണ് അഭിഭാഷകന്‍ പ്രതിയെ രക്ഷപ്പെടുത്തിയതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. തൊണ്ടിമുതലില്‍ മാറ്റം വരുത്തിയെന്നാരോപിച്ച്‌ 1994-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2006-ലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിക്കുകയും ചെയ്തു.രണ്ടു വര്‍ഷത്തിലധികം തടവുശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ജനപ്രാതിനിധ്യ നിയമപ്രകാരം ആന്റണി രാജുവിന് നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യത നേരിടേണ്ടി വരികയും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്ക് വരികയും ചെയ്തു.തടവുശിക്ഷ സ്റ്റേ ചെയ്യണമെന്നും അയോഗ്യത നീക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിചാരണക്കോടതിയുടെ ശിക്ഷാവിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *