കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കുട്ടികളെ കസ്റ്റഡിയിലാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച അപേക്ഷയില്‍ തീരുമാനമെടുക്കുന്നത് ജുവനൈല്‍ ജസ്റ്റിസ് ബോർഡ് 29 ലേക്ക് മാറ്റി.കേസിലെ രണ്ടുമുതല്‍ നാലുവരെ പ്രതികളെ അഞ്ചുദിവസത്തെ കസ്റ്റഡിയിലാവശ്യപ്പെട്ട് ഹരിപ്പാട് പൊലീസാണ് അപേക്ഷ നല്‍കിയത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികള്‍ക്ക് പ്രായത്തിന്റെ ആനുകൂല്യം നല്‍കരുതെന്ന പൊലീസ് റിപ്പോർട്ടുകൂടി പരിഗണിച്ചാണ് തീരുമാനമെടുക്കുക.പ്രതികളെന്ന് കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്ത കുട്ടികള്‍ നിലവില്‍ ഒബ്സർവേഷൻ ഹോമിലാണ്.കുറ്റകൃത്യത്തിന്റെ ആസൂത്രണവും സ്വഭാവവും കൃത്യത്തിലെ ക്രൂരതയും പരിഗണിച്ച് പ്രായപൂർത്തിയാകാത്തവരെന്ന പരിഗണന കൂടാതെ ചോദ്യം ചെയ്യലും തെളിവെടുപ്പും അനുവദിക്കണമെന്ന് പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് നല്കിയ റിപ്പോർട്ടില്‍ ആവശ്യപ്പെട്ടിരുന്നു.അന്വേഷണത്തിലും തെളിവുശേഖരണത്തിലുമെല്ലാം ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമുണ്ട്. 17നാണ് അമ്പലപ്പുഴ സ്വദേശി ശിവൻകുട്ടി ചെട്ടിയാരെ (67) വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.അന്വേഷണത്തിലാണ് ശിവൻകുട്ടിയുടെ കൊച്ചുമകളായ 13കാരിയാണ് കൊലയ്ക്കുപിന്നിലെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ കൊല്ലം സ്വദേശികളാണ് കൊല നടത്തിയത്.അമിതമായ ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ ശിവൻകുട്ടിയും പെണ്‍കുട്ടിയുമായി മുമ്പ് തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയത്. കൊലപാതകത്തിനുശേഷം വീട്ടിലുണ്ടായിരുന്ന സ്വർണവും പ്രതികള്‍ അപഹരിച്ചു.
പ്രായത്തിന്റെ ആനുകൂല്യം നല്‍കരുതെന്ന് പൊലീസ്; കരുവാറ്റയിലെ വയോധികനെ കൊലപ്പെടുത്തിയ സംഭവം, കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി
