പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ.സി.പി.എം സഹയാത്രികനായ സീനിയർ അഭിഭാഷകൻ പി വി ദിനേശിനെ ആണ് മാറ്റുന്നത്.മുൻ സോളിസിറ്റർ ജനറല്‍ രഞ്ജിത് കുമാർ, പ്രമുഖ ക്രിമിനല്‍ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര എന്നിവരില്‍ ഒരാളെ കേസില്‍ ഹാജരാക്കാൻ ആണ് സംസ്ഥാന സർക്കാർ തീരുമാനം.ഇതിനിടെ ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി ഉള്‍പ്പെടെ ഏഴ് പേരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മൂന്ന് ആഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.13 വർഷത്തില്‍ അധികമായി ജയിലില്‍ കഴിയുകയാണെന്നും, അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നല്കിയ ജാമ്യ ഹർജി വേഗത്തില്‍ കേള്‍ക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം.എന്നാല്‍ ജാമ്യാപേക്ഷയില്‍ മറുപടി നല്കാൻ കൂടുതല്‍ സമയം വേണമെന്ന് കെ കെ രമ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മൂന്ന് ആഴ്ചത്തേക്ക് മാറ്റിയത്.രണ്ട് ആഴ്ചക്കുള്ളില്‍ മറുപടി നല്കാൻ രമയോട് കോടതി നിർദേശിച്ചു. കേസില്‍ സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കോണ്‍സല്‍ സുല്‍ഫിക്കർ അലി പി.എസ് ഹാജരായി.സീനിയർ അഭിഭാഷകനെ മാറ്റാനുള്ള സംസ്ഥാന സർക്കാർ തീരുമാനം കേസില്‍ നിർണായക നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷകളില്‍ തുടർവാദം മൂന്ന് ആഴ്ച കഴിഞ്ഞ് നടക്കും.
ടി.പി. വധക്കേസില്‍ സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റാൻ സര്‍ക്കാര്‍; സുപ്രീംകോടതിയില്‍ ഇനി പുതിയ വക്കീല്‍, ജയിലില്‍ കഴിയുന്നവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി
