ന്യൂഡൽഹി: ജൂലൈ 20ലെ നീറ്റ് പ്രക്ഷോഭത്തിനു നേരെയുണ്ടായ പൊലീസ് നടപടിക്കിടെ ലൈംഗിക അതിക്രമവും പീഡനവും നേരിട്ട വനിത പ്രതിഷേധക്കാർക്ക് പരാതി അന്വേഷണ സമിതിക്ക് നേരിട്ട് നൽകാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഹൈപവർ എൻക്വയറി കമ്മിറ്റിയുടെ (എച്ച്.പി.ഇ.സി) നോഡൽ ഓഫിസർക്ക് പരാതി നേരിട്ട് നൽകാമെന്നും ഒരു ജുഡീഷ്യൽ ഓഫീസറായിരിക്കും നോഡൽ ഓഫിസറെന്നും സുപ്രീം കോടതി വ്യക്തമാക്കി. മുതിർന്ന അഭിഭാഷക ശോഭ ഗുപ്ത തിങ്കളാഴ്ച ഉന്നയിച്ച വിഷയത്തിലാണ് കോടതിയുടെ ഈ നിർണായക ഇടപെടൽ.സ്ത്രീകൾക്ക് സുരക്ഷിതമായി പരാതി സമർപ്പിക്കാനും നിയമനടപടി സ്വീകരിക്കുന്നതിനുമായി പ്രത്യേക സംവിധാനം വേണമെന്ന് ശോഭ ഗുപ്ത ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, പൊലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികൾ മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കാൻ സമിതിക്ക് ഇതിനകം നിർദേശം നൽകിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ജൂലൈ 20ന് നടന്ന നീറ്റ്-യു.ജി പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് അതിക്രമങ്ങളെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും അന്വേഷിക്കാൻ മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലാണ് സുപ്രീംകോടതി ഈ ഉന്നതതല അന്വേഷണ സമിതി രൂപവത്കരിച്ചത്. വനിതാ പ്രതിഷേധക്കാർക്കെതിരായ അതിക്രമങ്ങൾ, ലൈംഗിക പീഡന പരാതികൾ, വിദ്യാർഥികൾക്കേറ്റ ഗുരുതരമായ പരിക്കുകൾ എന്നിവ മുൻഗണനാടിസ്ഥാനത്തിൽ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശിച്ചിട്ടുള്ളത്.
നീറ്റ് പ്രക്ഷോഭം; വനിതാ പ്രതിഷേധക്കാരുടെ ലൈംഗിക അതിക്രമ പരാതികൾ അന്വേഷണ സമിതിക്ക് നേരിട്ട് നൽകാമെന്ന് സുപ്രീം കോടതി
