1984-ൽ നടന്ന കൊലക്കേസ്, 44 വർഷമായിട്ടും തീർപ്പാക്കിയില്ല; ഞെട്ടലറിയിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: 1981-ൽ നടന്ന കൊലക്കേസിലെ അപ്പീൽ 44 വർഷമായിട്ടും ഝാർഖണ്ഡ് ഹൈക്കോടതി തീർപ്പാക്കാത്തതിൽ ഞെട്ടലറിയിച്ച് സുപ്രീംകോടതി. ഞെട്ടിപ്പിക്കുന്ന കെട്ടിക്കിടക്കലാണിതെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടി.ഇരട്ടക്കൊലക്കേസിലെ ശിക്ഷ ചോദ്യംചെയ്ത് പ്രതി സൈമൺ സോറൻ നൽകിയ അപ്പീലാണ് ഹൈക്കോടതിയിലെത്തിയത്. 1981-ലെ കൊലക്കേസിൽ കോടതി കുറ്റംചുമത്തിയത് 1991-ലാണ്. വിചാരണക്കോടതി കുറ്റക്കാരനെന്നുകണ്ടെത്തിയത് 2002-ൽ. തുടർന്ന് ക്രിമിനൽ അപ്പീലിൽ സോറൻ കുറ്റക്കാരനാണെന്ന് 2024-ൽ ഹൈക്കോടതി വിധിച്ചു. അതിനുമാത്രം ഹൈക്കോടതി 22 വർഷമെടുത്തു.പതിറ്റാണ്ടുകൾ വൈകുന്നത് അസാധാരണമാണെന്ന് സുപ്രീംകോടതി പറഞ്ഞു. ഇതിനിടെ കേസിലെ ആറുപ്രതികളിൽ രണ്ടുപേർ കുറ്റം ചുമത്തുംമുൻപ് മരിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയ നാലുപ്രതികളിൽ മൂന്നുപേർ അപ്പീൽ തീർപ്പാവുംമുൻപും മരിച്ചു. ശിക്ഷിക്കപ്പെട്ടതിൽ ബാക്കിയുള്ളത് ഇപ്പോൾ 70 വയസ്സുള്ള സൈമൺ സോറൻ മാത്രം. ക്രിമിനൽ അപ്പീലുകളിലെ ഈ കെട്ടിക്കിടപ്പ് ഞെട്ടിക്കുന്നതാണെന്ന് സുപ്രീംകോടതി പറഞ്ഞു. പ്രതിയുടെ അപ്പീൽ സെപ്റ്റംബർ 18-ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. വാദംപൂർത്തിയായ കേസുകളിൽപ്പോലും വിധിപറയാൻ വൈകിക്കുന്നതിന് ഝാർഖണ്ഡ് ഹൈക്കോടതിയെ നേരത്തേയും സുപ്രീംകോടതി വിമർശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *