മുംബൈ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ലൈസൻസ് റദ്ദാക്കിയ നടപടിക്കെതിരേ ബോംബെ ഹൈക്കോടതിയെ സമീപിച്ച റസ്റ്റോറന്റിന് തിരിച്ചടി. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെതിരേ(എഫ്ഡിഎ) താനെയിലെ ഉഡുപ്പി സ്വാദ് റസ്റ്റോറന്റ് സമർപ്പിച്ച ഹർജിയാണ് ബോംബെ ഹൈക്കോടതി തള്ളിയത്. ജനങ്ങളെ ദ്രോഹിച്ചതിന് നിങ്ങൾ ഇത് അനുഭവിക്കണമെന്നും ഇത് കാലത്തിന്റെ കാവ്യനീതിയാണെന്നും ബോംബെ ഹൈക്കോടതി പറഞ്ഞു.എഫ്ഡിഎ കമ്മീഷണറായി തുക്കാറാം മുണ്ടേ ചുമതലയേറ്റതിന് പിന്നാലെ മഹാരാഷ്ട്രയിലെ ഭക്ഷണശാലകളിൽ വ്യാപകമായ പരിശോധന നടന്നുവരികയാണ്. ഈ പരിശോധനയിലാണ് താനെയിലെ ഉഡുപ്പി സ്വാദ് റസ്റ്റോറന്റിൽ കൃത്രിമമായി നിർമിച്ച പനീറാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയത്. തുടർന്ന് സ്ഥാപനത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഈ നടപടി ചോദ്യംചെയ്താണ് ഉഡുപ്പി സ്വാദ് റസ്റ്റോറന്റ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.പ്രശ്നങ്ങൾ പരിഹരിക്കാനായി എഫ്ഡിഎ ആദ്യം നോട്ടീസ് നൽകേണ്ടിയിരുന്നുവെന്നും അതിനാൽ ലൈസൻസ് റദ്ദ് ചെയ്ത നടപടി സ്റ്റേ ചെയ്യണമെന്നുമായിരുന്നു റസ്റ്റോറന്റിന്റെ ആവശ്യം. എന്നാൽ, ഹർജി പരിഗണിച്ച ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആർ.വി. ഗുഖെ അധ്യക്ഷനായ ബെഞ്ച് രൂക്ഷമായ ഭാഷയിലാണ് റസ്റ്റോറന്റിനെ വിമർശിച്ചത്. ജനങ്ങൾക്ക് ഇത്തരം നിരോധിത പനീർ നൽകിയതിന് നിങ്ങൾ ഇത് നിങ്ങൾ അനുഭവിക്കണമെന്നും ഇത് കാലത്തിന്റെ കാവ്യനീതിയാണെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. വിഷയത്തിൽ കൂടുതൽ കർശനമായ നട പടികളാവും തങ്ങൾ സ്വീകരിക്കുകയെന്നും ഹൈക്കോടതി വ്യക്തമാക്കി. വ്യാജ പനീർ ഉപയോഗിക്കുന്നതിന് നിരോധനം നിലനിൽക്കെയാണ് റസ്റ്റോറന്റ് ഇത്തരം പനീർ ഉപയോഗിച്ചതെന്ന് എഫ്ഡിഎ സ്റ്റാൻഡിങ് കോൺസൽ പിപി കാകാഡെ കോടതിയെ അറിയിച്ചു. പൊതുജനതാത്പര്യം മുൻനിർത്തിയാണ് എഫ്ഡിഎ നടപടികൾ സ്വീകരിച്ചതെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.പാലിന് പകരം പാം ഓയിൽ ഉൾപ്പെടെ ചേർത്ത് കൃത്രിമമായി നിർമിക്കുന്നതാണ് വ്യാജ പനീർ. കണ്ടാൽ യഥാർഥ പനീർ പോലെ തോന്നുമെങ്കിലും ഇതിൽ പാൽക്കൊഴുപ്പ് ഉണ്ടാകില്ല. ഇതിന് മഹാരാഷ്ട്രയിലെ ഭക്ഷ്യസുരക്ഷാ വിഭാഗം നേരത്തേ നിരോധനമേർപ്പെടുത്തിയിരുന്നു.
വിളമ്പിയത് വ്യാജ പനീർ; നിങ്ങൾ അനുഭവിക്കണം, ഇത് കാലത്തിന്റെ കാവ്യനീതിയെന്ന് കോടതി
