ദാഭോൽക്കർ വധക്കേസ്: രണ്ടാം പ്രതിക്കും ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

മുംബൈ: ഡോ. നരേന്ദ്ര ദാഭോൽക്കറെ വെടിവെച്ചുകൊന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാമത്തെ പ്രതി സച്ചിൻ പ്രകാശ്റാവു അന്ദൂരേയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ്.വി കോട്വാൾ, ജസ്റ്റിസ് ആർ.ആർ ഭോൺസാലേ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ശരദ് ഭാവുസാഹെബ് കലാസ്‌കറിന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. അപ്പീൽ ഹരജിയിൽ അന്തിമതീർപ്പുണ്ടാകുന്നതുവരെ അന്ദൂരേയുടെ ശിക്ഷ കോടതി മരവിപ്പിച്ചു.കേസിൽ അന്ദൂരെ കുറ്റവിമുക്തനാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കൊലപാതകം നടന്ന് എട്ട് വർഷത്തിനുശേഷം കോടതിയിൽ വെച്ച് സാക്ഷികൾ പ്രതിയെ തിരിച്ചറിഞ്ഞതിന് നിയമപരമായി വലിയ മൂല്യമില്ലെന്ന് കോടതി പറഞ്ഞു. ഔദ്യോഗികമായി ‘ടെസ്റ്റ് ഐഡന്റിഫിക്കേഷൻ പരേഡ്’ നടത്തിയിരുന്നില്ല. അന്വേഷണവേളയിൽ കാണിച്ച ചിത്രങ്ങളിൽ നിന്ന് സാക്ഷികൾക്ക് അന്ദൂരെയെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.പ്രാദേശിക ഹോട്ടൽ ഉടമയോട് പ്രതി കുറ്റസമ്മതം നടത്തിയെന്ന വാദം ദുർബലമാണ്. സംഭവം നടന്ന് അഞ്ച് വർഷത്തോളം മൗനം പാലിച്ച സാക്ഷി, 2018-ൽ അന്ദൂരെ അറസ്റ്റിലായ ശേഷമാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഇതിന് മറ്റ് സഹായകരമായ തെളിവുകളൊന്നുമില്ല.കൊലപാതകത്തിന് ഉപയോഗിച്ച ആയുധം വീണ്ടെടുത്തതുമായും ബാലസ്റ്റിക് വിദഗ്ധരുടെ അഭിപ്രായവുമായും ബന്ധപ്പെട്ട വൈരുധ്യങ്ങളിൽ അന്വേഷണ ഏജൻസിയായ സിബിഐ തൃപ്തികരമായ വിശദീകരണം നൽകിയിട്ടില്ലെന്ന് കോടതി പറഞ്ഞു. ഈ വർഷം ഏപ്രിൽ 29-നാണ് കേസ് വിചാരണയിൽ ഏഴര വർഷത്തിലേറെ തടവുശിക്ഷ അനുഭവിച്ച ശരദ് കലാസ്‌കറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നിലവിൽ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികളും അപ്പീൽ തീർപ്പാകുന്നതുവരെ ജാമ്യത്തിൽ പുറത്തിറങ്ങും.2013-ൽ പൂനെയിലെ ഓംകാരേശ്വർ പാലത്തിൽ വെച്ചാണ് ഡോ. നരേന്ദ്ര ദാഭോൽക്കറെ വെടിവെച്ചു കൊലപ്പെടുത്തിയത്. പൂനെ പൊലീസിൽ നിന്ന് 2014-ൽ കേസ് സിബിഐ ഏറ്റെടുത്തു. 2024 മേയിൽ പൂനെ സെഷൻസ് കോടതി അന്ദൂരേ്ക്കും കലാസ്‌കറിനും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. എന്നാൽ, മാസ്റ്റർമൈൻഡ് എന്ന് ആരോപിക്കപ്പെട്ട ഡോ. വീരേന്ദ്രസിങ് തവാഡെ ഉൾപ്പെടെയുള്ള മറ്റ് മൂന്നുപേരെ തെളിവുകളുടെ അഭാവത്തിൽ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെയുള്ള അപ്പീലുകളും നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *