ഫ്രീഡം ക്വിസ് വിവാദം; സവർക്കറെ പുകഴ്ത്തി ചോദ്യം തയ്യാറാക്കിയ അധ്യാപകന്‍റെ സസ്പെൻഷന് സ്റ്റേ

കൊച്ചി: സ്കൂൾ ക്വിസിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വക്താവായിരുന്ന വി.ഡി സവർക്കറെ പുകഴ്ത്തി ചോദ്യം തയ്യാറാക്കിയ അധ്യാപകന്‍റെ സസ്പെൻഷന് സ്റ്റേ. എയുപി സ്കൂൾ പള്ളത്തടുക്കയിലെ അധ്യാപൻ ഗുരുപ്രസാദിനെതിരായ സസ്പെൻഷൻ നടപടിയാണ് ഹൈക്കോടതി ഒരുമാസത്തേക്ക് സ്റ്റേ ചെയ്തത്. അധ്യാപകനെതിരായ അച്ചടക്ക നടപടി സർക്കാരിന് തുടരാമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലുണ്ട്.കാസർകോട് പള്ളത്തടുക്ക സ്കൂളിലെ അധ്യാപകനാണ് ഗുരുപ്രസാദ്. സ്വാതന്ത്ര്യസമരക്കാലത്ത് ഏറ്റവും കൂടുതൽ കാലം ജയിലിൽ കഴിഞ്ഞത് ആരാണെന്ന ചോദ്യത്തിന് സവർക്കറുടെ പേര് ഉത്തരസൂചികയിൽ ഉൾപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. തുടർന്ന് സർക്കാർ അദ്ദേഹത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. വിദ്യാഭ്യാസവകുപ്പ് മന്ത്രി എൻ.ഷംസുദ്ദീന്‍റെ നിർദേശപ്രകാരമായിരുന്നു അച്ചടക്കനടപടി. അധ്യാപകന്‍റെ സസ്പെൻഷൻ നടപടി ഒരുമാസത്തേക്ക് തടഞ്ഞുവെച്ചെങ്കിലും ഗുരുപ്രസാദിനെതിരായ അച്ചടക്ക നടപടികളുമായി സർക്കാരിന് മുന്നോട്ടുപോകാമെന്നും അതിന് തടസങ്ങളില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ ചോദ്യാവലിയിലാണ് വിവാദചോദ്യം ഉൾപ്പെട്ടത്. ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി എന്ന ചോദ്യത്തിന് ഉത്തരമായാണ് വി.ഡി സവർക്കർ എന്ന് നൽകിയിരിക്കുന്നത്. എൽപി വിദ്യാർഥികൾക്കായുള്ള ഫ്രീഡം ക്വിസിന്റെ ചോദ്യാവലിയിലാണ് ചോദ്യം ഉൾപ്പെട്ടത്. മൂന്ന് ഉപജില്ലകളിലെയും സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ ചുമതലയുള്ള അധ്യാപകർ ചേർന്നാണ് ചോദ്യാവലി തയ്യാറാക്കിയിരുന്നത്. ടൈബ്രേക്കർ ചോദ്യമായാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്.സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം വന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. സവർക്കറെ മഹത്വവത്കരിക്കുന്നത് ആർഎസ്എസ്- ബിജെപി അജണ്ടയാണെന്നും ചോദ്യം വന്നതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ ആവശ്യപ്പെട്ടിരുന്നു. ചോദ്യം വിവാദമായതിന് പിന്നാലെ വിദ്യാഭ്യസമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനെ സസ്‌പെൻഡ് ചെയ്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *