കെഎം ബഷീർ കേസ്; വിചാരണ നടപടികൾ നിർത്തി വയ്ക്കാൻ ഹൈക്കോടതി നിർദേശം

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി നിർദേശം. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവിനു വേണ്ടിയാണ് വിചാരണ മാറ്റിയത്. ഇന്ന് കേസ് പരി​ഗണിച്ചപ്പോഴാണ് ഹൈക്കോടതി നിർദേശം നൽകിയത്. കേസിൽ സ്‌പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അഡ്വ സന്തോഷിനെ നിയമിക്കാനാണ് ആഭ്യന്തരവകുപ്പിൻ്റെ തീരുമാനം. എന്നാൽ നിയമന ഉത്തരവ് കോടതിയിൽ എത്താത്തതിനെ തുടർന്നാണ് വിചാരണ നിർത്തിവെക്കാൻ ഉത്തരവിട്ടത്.2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം വെച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെഎം ബഷീർ മരിച്ചത്. തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്‍റെ പേരിലുള്ളതായിരുന്നു കെ‌എം ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫ ഫിറോസാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍റെ ശ്രമം. വണ്ടിയോടിച്ചത് വഫയാണെന്ന് ആദ്യം പൊലീസും പറഞ്ഞിരുന്നു. എന്നാല്‍, ദൃക്സാക്ഷികളും മാധ്യമപ്രവർത്തകരും ഇടപെട്ടതോടെ ശ്രീറാമിന്‍റെയും പൊലീസിന്‍റെയും നീക്കം പൊളിയുകയായിരുന്നു. കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *