റോഡപകടം: യുവാവിന് 2.92 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

best supreme court lawyers in Delhi

ന്യൂഡൽഹി: റോഡപകടത്തിൽ ഗുരുതര പരിക്കേറ്റ് 88 ശതമാനം സ്ഥിരവൈകല്യം നേരിടുന്ന യുവാവിന് 2.92 കോടി രൂപയിലധികം നഷ്ടപരിഹാരം നൽകാൻ ഡൽഹിയിലെ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ഉത്തരവിട്ടു. മാർക്കറ്റിങ് എക്സിക്യൂട്ടീവായ നിലമണി ചൗഹാനാണ് നഷ്ടപരിഹാരം ലഭിക്കുക.2020 ഡിസംബർ 30നായിരുന്നു അപകടം. അശ്രദ്ധമായി ഓടിച്ച കാർ നിലമണി സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. നട്ടെല്ലിനേറ്റ ഗുരുതരമായ പരിക്കിനെ തുടർന്ന് അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടതിനാൽ നിൽക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം.അപകടത്തിന് കാരണമായത് കാർ ഡ്രൈവർ രമേശിന്റെ അശ്രദ്ധയാണെന്ന് ട്രിബ്യൂണൽ കണ്ടെത്തി. ഇൻഷുറൻസ് കമ്പനിയായ ഐ.എഫ്.എ.ഫ്സി.ഒ ടോകിയോ ജനറൽ ഇൻഷുറൻസ് കമ്പനി 2.92 കോടി രൂപയിലധികം നഷ്ടപരിഹാരം നൽകണമെന്നാണ് പ്രിസൈഡിങ് ഓഫീസർ അഭിലാഷ് മൽഹോത്രയുടെ ഉത്തരവ്. പലിശ ഉൾപ്പെടുന്ന ഈ തുകയിൽ ഭാവിയിലെ വരുമാന നഷ്ടം, ചികിത്സാ ചെലവ്, പരിചരണച്ചെലവ് തുടങ്ങിയവയും ഉൾപ്പെടുന്നു.അപകടസമയത്ത് നിലമണി ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും അതിനാൽ അപകടത്തിൽ അദ്ദേഹത്തിനും പങ്കുണ്ടെന്നുമുള്ള ഇൻഷുറൻസ് കമ്പനിയുടെ വാദം ട്രിബ്യൂണൽ തള്ളി. ഹെൽമറ്റ് ധരിക്കാത്തത് ഗതാഗത നിയമലംഘനമാണെങ്കിലും അത് അപകടത്തിന് കാരണമായെന്നതിന് തെളിവുകളില്ലാത്തതിനാൽ ഇതിനെ പങ്കാളിത്ത അശ്രദ്ധയായി കണക്കാക്കാനാകില്ലെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി.നിലമണിയുടെ പരിക്കുകളുടെ ഗുരുതരാവസ്ഥയും ട്രിബ്യൂണൽ പരിഗണിച്ചു. നട്ടെല്ലിനേറ്റ പരിക്കിനെ തുടർന്ന് അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട അദ്ദേഹത്തിന് പ്രാഥമിക കാര്യങ്ങൾ ചെയ്യാൻ മറ്റൊരാളുടെ സഹായം ആവശ്യമാണ്.മാർക്കറ്റിങ് എക്സിക്യൂട്ടീവായ അദ്ദേഹത്തിന് നിരന്തരമായ സഞ്ചാരം ആവശ്യമുള്ളതിനാൽ ഇനി ആ ജോലി തുടരാൻ കഴിയില്ലെന്ന് നിരീക്ഷിച്ച ട്രിബ്യൂണൽ ഡെസ്ക് ജോലി ചെയ്താലും മുഴുവൻ സമയവും ഒരാളുടെ സഹായം ആവശ്യമായി വരുമെന്നും ഉത്തരവിൽ പറയുന്നു. അദ്ദേഹത്തിന്‍റെ തൊഴിലുടമ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ കേസ് തീരുന്നതുവരെ ശമ്പളം നൽകിവരുന്നതായും കോടതിയെ അറിയിച്ചു.അപകടം വ്യാജമാണെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളിയ ട്രിബ്യൂണൽ സംശയമുണ്ടായിരുന്നെങ്കിൽ ബന്ധപ്പെട്ട ഡെപ്യൂട്ടി പൊലീസ് കമ്മിഷണർക്ക് പരാതി നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് അവസരമുണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് ലഭിച്ചിട്ടും കമ്പനി പരാതി നൽകിയില്ലെന്നും മജിസ്ട്രേറ്റിന് മുമ്പാകെ എതിർപ്പ് ഉന്നയിച്ചില്ലെന്നും അതിനാൽ അന്വേഷണത്തിനിടെ ഉന്നയിക്കേണ്ടിയിരുന്ന വാദം പിന്നീട് ഉന്നയിച്ചത് വൈകിയാണെന്നും ട്രിബ്യൂണൽ വ്യക്തമാക്കി.അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകളിൽ സംശയിക്കേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ആഗസ്റ്റ് 12ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ട്രിബ്യൂണൽ നഷ്ടപരിഹാരം സംബന്ധിച്ച നിർദേശം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *