ന്യൂഡൽഹി: ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചികമാസ ഏകാദശി ദിവസത്തെ ഉദയാസ്തമയ പൂജയുടെ തീയ്യതി മാറ്റാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. പുഴക്കര ചേന്നാസ് ഇല്ലത്തെ ചില അംഗങ്ങളാണ് ഗുരുവായൂർ ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ക്ഷേത്രത്തിലെ ഇല്ലംനിറ പൂജ കൊടിമരച്ചുവട്ടിൽ നടത്താനുള്ള തീരുമാനത്തിനെതിരെയും സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഈ രണ്ട് ആവശ്യങ്ങളും വ്യാഴാഴ്ച പരിഗണിക്കാമെന്ന് ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.നവംബർ 21-ന് ആണ് ഈ വർഷത്തെ വൃശ്ചിക ഏകാദശി. അന്ന് ക്ഷേത്രത്തിൽ ഉദയാസ്തമയ പൂജ നടത്താൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിലെ ഹർജി. ഈവർഷം ഉദയാസ്തമയ പൂജ ഒക്ടോബർ 22-ന് നടത്താൻ നീക്കംനടക്കുന്നതായി സുപ്രീം കോടതിയിൽ ഫയൽചെയ്ത ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ഇത് തടയണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. വൃശ്ചിക മാസത്തിലെ ഏകദേശി ദിവസത്തെ ഉദയാസ്തമയ പൂജ തുലാമാസത്തിലേക്ക് മാറ്റാനുള്ള തീരുമാനത്തെ കഴിഞ്ഞ തവണ സുപ്രീം കോടതി തടഞ്ഞിരുന്നു.വൃശ്ചിക മാസത്തിലെ ഭക്തരുടെ തിരക്ക് കാരണമാണ് ഉദയാസ്തമയ പൂജ തുലാമാസത്തിലേക്ക് നേരത്തെ ദേവസ്വം ഭരണ സമിതി മാറ്റിയിരുന്നത്. ഭക്തരുടെ തിരക്കല്ല വിഗ്രഹത്തിന്റെ ചൈതന്യം കണക്കിലെടുത്ത് തീരുമാനം എടുക്കണമെന്ന് നിർദേശിച്ചാണ് കഴിഞ്ഞ തവണ വൃശ്ചിക മാസത്തിലെ ഏകാദശി ദിവസം ഉദയാസ്തമയ പൂജ നടത്താൻ സുപ്രീം കോടതി നിർദേശിച്ചത്.ഇത്തവണത്തെ ഇല്ലംനിറ പൂജ നടക്കുന്നത് ഓഗസ്റ്റ് 18-ന് ആണ്. നമസ്കാര മണ്ഡപത്തിൽ നടന്നിരുന്ന ഇല്ലംനിറ പൂജ ഗുരുവായൂർ ദേവസ്വം ബോർഡാണ് കൊടിമരച്ചുവട്ടിലേക്ക് മാറ്റിയത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റമെന്നാണ് ബോർഡ് സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ, ഇല്ലംനിറ പൂജ ക്ഷേത്ര ആചാരത്തിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടിയാണ് പുഴക്കര ചേന്നാസ് ഇല്ലത്തെ പി സി ഹരി ഉൾപ്പടെയുള്ളവർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സീനിയർ അഭിഭാഷകൻ കെ പരമേശ്വർ, അഭിഭാഷകൻ എ കാർത്തിക് എന്നിവരാണ് ഹർജി അടിയന്തിരമായി കേൾക്കണമെന്ന് ഇന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. തുടർന്നാണ് 13 ന് ഹർജികൾ ലിസ്റ്റ് ചെയ്യാൻ സുപ്രീം കോടതി തീരുമാനിച്ചത്.
ഗുരുവായൂരിലെ വൃശ്ചിക ഏകാദശിയിലെ ഉദയാസ്തമയ പൂജ തീയതി മാറ്റാൻ നീക്കം; തടയണമെന്ന് സുപ്രീം കോടതിയിൽ ഹർജി
