ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ വിൽപ്പന ശൃംഖലക്കെതിരെ ഉപഭോക്തൃ കോടതിയുടെ ശക്തമായ നടപടി. ഉപഭോക്താവിൽ നിന്ന് വാങ്ങിയ 30 രൂപ തിരികെ നൽകുന്നതിനൊപ്പം നഷ്ടപരിഹാരവും കേസ് നടത്തുന്നതിനുള്ള ചെലവുമടക്കം ആകെ 26,000 രൂപ നൽകാൻ ഹരിയാനയിലെ ഗുരുഗ്രാം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.2025 ഓഗസ്റ്റ് 31-ന് ഒരു ഉപഭോക്താവ് കടയിൽ നിന്ന് 4,713 രൂപയുടെ സാധനങ്ങൾ വാങ്ങിയിരുന്നു. സാധനങ്ങൾ കൈയിൽ കൊണ്ടുപോകാൻ ബുദ്ധിമുട്ടായതിനാൽ കാരി ബാഗ് ആവശ്യപ്പെട്ടപ്പോൾ, സൗജന്യമായി നൽകാൻ സ്റ്റോർ അധികൃതർ തയ്യാറായില്ല. തുടർന്ന് മൂന്ന് ബാഗുകൾക്കായി 30 രൂപ ഈടാക്കുകയായിരുന്നു. കച്ചവടക്കാരുടെ ഈ നടപടി അനുചിതമായ വ്യാപാര രീതിയാണെന്ന് ചൂണ്ടിക്കാട്ടി ഉപഭോക്താവ് കമ്മീഷനെ സമീപിക്കുകയായിരുന്നു.ജില്ലാ ഉപഭോക്തൃ കമ്മീഷൻ പ്രസിഡന്റ് സഞ്ജീവ് ജിൻഡാൽ, അംഗങ്ങളായ ജ്യോതി സിവാച്ച്, ഖുഷ്വീന്ദർ കൗർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വലിയ സ്റ്റോറുകൾക്കും വ്യാപാരികൾക്കും ഇത്തരം അന്യായമായ ഈടാക്കലുകൾ തുടരാൻ അനുവാദം നൽകിയാൽ, അത് രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന പുതിയൊരു രീതിക്ക് വഴിവെക്കുമെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.സെയിൽ ഓഫ് ഗുഡ്സ് ആക്ട് (1930) – സെക്ഷൻ 36 അനുസരിച്ച് സാധനങ്ങൾ വാങ്ങുന്നയാൾക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ പാക്കിങ് ചെലവുകൾ വ്യാപാരി തന്നെയാണ് വഹിക്കേണ്ടത്. പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ചട്ടങ്ങൾ ചൂണ്ടിക്കാട്ടി കാരി ബാഗുകൾക്ക് പണം ഈടാക്കാൻ വ്യാപാരികൾക്ക് ഇനി സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.ബാഗിന് ഈടാക്കിയ തുക, ഉപഭോക്താവ് നേരിട്ട മാനസിക സമ്മർദത്തിനുള്ള നഷ്ടപരിഹാരമായി 15,000 രൂപ, നിയമപോരാട്ടത്തിനായുള്ള ചെലവായി 11,000 രൂപയുമാണ് പിഴ വിധിച്ചത്. സേവനത്തിലെ വീഴ്ചയും അനുചിതമായ വ്യാപാര രീതിയും കണക്കിലെടുത്താണ് സ്ഥാപനത്തിനെതിരെ ഉപഭോക്തൃ കോടതി കടുത്ത ശിക്ഷാനടപടി സ്വീകരിച്ചത്.
കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവ്
