കൊച്ചി: വ്യക്തമായ കാരണങ്ങളില്ലാതെ ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്ന് മാറി പ്രത്യേക താമസ സൗകര്യം ആവശ്യപ്പെടുന്ന ഭാര്യയുടെ നടപടി ക്രൂരതയാണെന്ന് ഹൈക്കോടതി. താമസിക്കാന്‍ രണ്ട് മുറികളുള്ള ഫ്ലാറ്റുണ്ടെങ്കിലേ ഗള്‍ഫിലേയ്ക്ക് മടങ്ങിയെത്തൂ എന്ന് ഭാര്യ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഒമ്പത് വര്‍ഷമായി അകന്നു കഴിയുന്ന ദമ്പതിമാര്‍ക്ക് കോടതി വിവാഹ മോചനം അനുവദിച്ചു. ഈ ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.ജസ്റ്റിസ് സതീഷ് നൈനാന്, ജസ്റ്റിസ് പി കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂര്‍ കുടുംബക്കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് നല്കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. 2015ലാണ് ഹിന്ദു വിവാഹ നിയമപ്രകാരം ഇരുവരുടേയും വിവാഹം നടന്നത്. ഭര്‍ത്താവ് ഇലക്ട്രിക്കല്‍ എഞ്ചിനീയറാണ്. വിവാഹശേഷം ഗള്‍ഫിലായിരുന്നു ഇരുവരുടേയും താമസം. ഭര്‍ത്താവിന്റെ മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു. ഗര്‍ഭിണിയായ ശേഷം നാട്ടിലേയ്ക്ക് പോയ യുവതി പിന്നീട് തിരികെ പോകാന്‍ കൂട്ടാക്കിയില്ല. ഭര്‍ത്താവിന്റെ മാതാപിതാക്കളോടൊപ്പം താമസിക്കാനാകില്ലെന്നും രണ്ട് മുറികളുള്ള ഫ്ലാറ്റുണ്ടെങ്കിലേ മടങ്ങിവരാനാവൂ എന്നും യുവതി ഭര്‍ത്താവിനെ അറിയിച്ചു. ഇതിനിടെ യുവതി പ്രസവിക്കുകയും ചെയ്തു.ഹര്‍ജിക്കാരന്റെ മാതാവ് തങ്ങള്‍ക്കിടയില്‍ തടസമായിരുന്നുവെന്നാണ് യുവതി നല്കിയ മൊഴി. ഭര്‍ത്താവിന്റെ അമ്മയുമായിട്ട് മാത്രമാണ് പ്രശ്നങ്ങള്‍ ഉള്ളതെന്നും മറ്റ് പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്ന് വിലയിരുത്തിയാണ് കുടുംബക്കോടതി വിവാഹമോചന ആവശ്യം നിരസിച്ചത്. എന്നാല്‍ തന്നോട് സംസാരിക്കാന്‍ പോലും ഭാര്യ കൂട്ടാക്കുന്നില്ലെന്നും യുവതിയുടെ സഹോദരന് വഴിയാണ് വിവരങ്ങള്‍ അറിയിച്ചതെന്നുമാണ് ഭര്‍ത്താവിന്റെ വാദം.കുഞ്ഞിന്റെ പേരിടല്‍ ചടങ്ങോ മറ്റ് കാര്യങ്ങളോ അറിയിച്ചില്ലെന്നും ഭര്‍ത്താവ് പരാതിപ്പെട്ടു. ഫോണ്‍ സംഭാഷണങ്ങളുള്‍പ്പെടെ ഭര്‍ത്താവ് ഹാജരാക്കി. ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ യുവതി നിഷേധിക്കാത്തതിനെത്തുടര്ന്ന് കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു.
‘താമസിക്കാന്‍ രണ്ട് മുറികളുള്ള ഫ്ളാറ്റ് വേണമെന്ന ഭാര്യയുടെ ആവശ്യം ക്രൂരത’; വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി
