അതിരപ്പള്ളി, കല്ലല്‍ വനമേഖലയിലെ കൃഷിഭൂമിയുടെ പാട്ടക്കാലാവധി അവസാനിച്ച സാഹചര്യത്തില്‍ അവിടെ പ്രവേശിക്കാനോ കൃഷി നടത്താനോ സ്വകാര്യ വ്യക്തികള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.വനമേഖലയില്‍ പൈനാപ്പിള്‍ കൃഷി നടത്തുന്നതിനെതിരെ ഏഞ്ചല്‍സ് നായർ നല്കിയ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് സൗമെൻ സെന്നും ജസ്റ്റിസ് വി എം ശ്യാംകുമാറും ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.പാട്ടക്കാലാവധി അവസാനിച്ച സാഹചര്യത്തില്‍ നിലവില്‍ വനമേഖലയില്‍ കൃഷി നടത്താനോ അവിടെ പ്രവേശിക്കാനോ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. അതേസമയം, പാട്ടം പുതുക്കി നല്‍കുന്നതിനോ കൃഷി തുടരുന്നതിനോ ആവശ്യമായ അനുമതിക്കായി വീണ്ടും പ്ലാന്റേഷൻ കോർപ്പറേഷനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ഏകദേശം 600 ഹെക്ടർ വനഭൂമിയില്‍ പൈനാപ്പിള്‍ കൃഷി നടക്കുന്നുവെന്നായിരുന്നു ഹർജിക്കാരന്റെ പരാതി. വനഭൂമി വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയണമെന്ന ആവശ്യവുമായാണ് ഹർജി സമർപ്പിച്ചിരുന്നത്.
പാട്ടക്കാലാവധി കഴിഞ്ഞു; അതിരപ്പള്ളി വനമേഖലയില്‍ കൃഷി നടത്താനാകില്ലെന്ന് ഹൈക്കോടതി
