ഭൂമി തരം മാറ്റാന്‍ നല്‍കിയ അപേക്ഷ തള്ളിയത് പുനപരിശോധിക്കണമെന്ന കോടതി നിര്‍ദേശം പാലിക്കാത്തതിന് മുവാറ്റുപുഴ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ (ആര്‍.ഡി.ഒ) വി.ഇ.അബ്ബാസിന് 25,000 രൂപ പിഴ ശിക്ഷ. എറണാകുളം ചേരാനല്ലൂര്‍ സ്വദേശി മനു ആന്റണി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്‌റ്റിസ് പി.വി. കുഞ്ഞിക്കൃഷ്‌ണന്റെ ഉത്തരവ്. തന്റെ ഭൂമി ഡാറ്റാ ബാങ്കില്‍ നിന്ന് നീക്കം ചെയ്യാന്‍ മനു നല്‍കിയ അപേക്ഷ മുമ്പ് കണയന്നൂര്‍ താലൂക്കില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആര്‍.ഡി.ഒ അബ്ബാസ് തള്ളിയിരുന്നു. ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് പാലിച്ച് അപേക്ഷ പുനപ്പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും പഴയ നിലപാട് തന്നെ സ്വീകരിച്ചു. അപേക്ഷ നിരസിക്കുന്നെങ്കില്‍ തൃപ്‌തികരമായ കാരണം വിശദീകരിക്കണമെന്ന വ്യവസ്‌ഥയടക്കം പാലിക്കാതെയായിരുന്നു നടപടി. ഇതാണ് നടപടിക്കിടയാക്കിയത്. താന്‍ നല്‍കിയ സത്യവാങ്‌മൂലം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയില്ലെന്ന വാദമാണ് മാധ്യമങ്ങളിലൂടെ ആര്‍.ഡി.ഒ പ്രചരിപ്പിച്ചത്. എന്നാല്‍, ഇത് സത്യമല്ലെന്ന് കോടതി കണ്ടെത്തി. കേസില്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കുന്നതില്‍ വീഴ്‌ച വരുത്തിയ ആര്‍.ഡി.ഒ, അത് സര്‍ക്കാര്‍ അഭിഭാഷകനില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.സര്‍ക്കാര്‍ അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിച്ച ഉദ്യോഗസ്‌ഥന്റെ നടപടി നീതിന്യായ വ്യവസ്‌ഥയോടുള്ള വെല്ലുവിളിയാണെന്ന് കോടതി നിരീക്ഷിച്ചു. കാക്കനാട് സബ് കലക്‌ടറും അപേക്ഷ പരിശോധിച്ച് നിരസിച്ചിരുന്നു. രണ്ട് ഉത്തരവുകളും കോടതി റദ്ദാക്കി. ഹര്‍ജിക്കാരന്റെ അപേക്ഷ വിനുമോന്‍ കേസിലെ മാനദണ്ഡങ്ങള്‍ പാലിച്ച് രണ്ട് മാസത്തിനകം പുനപ്പരിശോധിക്കാന്‍ നിര്‍ദേശിച്ച് ഹര്‍ജി തീര്‍പ്പാക്കുകയും ചെയ്‌തു. പിഴ സംഖ്യ ഒരു മാസത്തിനകം ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ മെഡിക്കല്‍ എയ്‌ഡ് സ്‌കീമില്‍ അടക്കണമെന്നും വീഴ്‌ച വരുത്തിയാല്‍ ശമ്പളത്തില്‍ നിന്ന് തുക ഈടാക്കാനും കൃത്യവിലോപത്തില്‍ വകുപ്പുതല നടപടി സ്വീകരിക്കാനും ഉന്നത ഉദ്യോഗസ്‌ഥര്‍ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കോടതി ഉത്തരവ് പാലിച്ചില്ല: മൂവാറ്റുപുഴ ആര്‍.ഡി.ഒക്ക് 25000 രൂപയുടെ പിഴ ശിക്ഷ
