സിഇസി നിയമനം: ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് എന്തിനെന്ന് സുപ്രീം കോടതി; പ്രധാനമന്ത്രിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യരുതെന്ന് കേന്ദ്രം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും (സി.ഇ.സി) തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും (ഇ.സി) തിരഞ്ഞെടുക്കാനുള്ള സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിൻ്റെ കാരണം വ്യക്തമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി.തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായി പ്രവർത്തിക്കുക മാത്രമല്ല, അത് സ്വതന്ത്രമാണെന്ന് ജനങ്ങള്‍ക്ക് അനുഭവപ്പെടുകയും വേണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ദിപങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.സി.ബി.ഐ ഡയറക്ടർ, ലോക്പാല്‍ എന്നിവരെ തിരഞ്ഞെടുക്കുന്ന സമിതികളില്‍ ചീഫ് ജസ്റ്റിസ് അംഗമാണ്. ജനാധിപത്യത്തില്‍ ഏറ്റവും നിർണ്ണായകമായ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനങ്ങളില്‍ നിന്ന് സി.ജെ.ഐയെ മാറ്റിവെച്ചതിന്റെ കാരണം എന്താണെന്ന് കോടതി ചോദിച്ചു. ‘നീതി നടപ്പിലാക്കിയാല്‍ മാത്രം പോരാ, അത് നടപ്പിലാക്കിയതായി അനുഭവപ്പെടുകയും വേണം’ എന്ന തത്വം തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യത്തിലും ബാധകമാണ്. സമിതിയില്‍ കൂടുതല്‍ സുതാര്യതയും നിഷ്പക്ഷതയും ഉണ്ടാകേണ്ടതുണ്ടെന്നും കോടതി കേസ് പരിഗണിച്ചപ്പോള്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യരുതെന്നും അദ്ദേഹത്തിന്റെ പദവിക്ക് ഭരണഘടനാപരമായ വിശുദ്ധിയുണ്ടെന്നും സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത വാദിച്ചു. പ്രധാനമന്ത്രിയുടെ തീരുമാനത്തെ സംശയത്തോടെ വീക്ഷിക്കുന്നത് ജനാധിപത്യ തത്വങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും കേന്ദ്രം വാദിച്ചു.പാർലമെന്റ് പാസാക്കിയ നിയമത്തെ ചോദ്യം ചെയ്യുന്നത് ലെജിസ്ലേച്ചറിന്റെ സ്വയംഭരണാധികാരത്തിലുള്ള ഇടപെടലാകുമെന്ന് അറ്റോർണി ജനറല്‍ ആർ. വെങ്കട്ടരമണി വാദിച്ചു. പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന ഒരു കേന്ദ്ര കാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന സമിതിയാണ് പുതിയ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്നത്. 2023-ലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പാർലമെന്റ് നിയമ നിർമ്മാണം നടത്തുന്നതുവരെ സി.ജെ.ഐ കൂടി ഉള്‍പ്പെടുന്ന സമിതി നിയമനം നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാല്‍ പിന്നീട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയമത്തില്‍ സി.ജെ.ഐക്ക് പകരം കേന്ദ്ര മന്ത്രിയെ ഉള്‍പ്പെടുത്തുകയായിരുന്നു. ഈ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികളിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *