മുത്തങ്ങ സമരം; പൊലീസുകാരൻ കൊല്ലപ്പെട്ട കേസില്‍ 23 വര്‍ഷത്തിന് ശേഷം ഇന്ന് വിധി

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന്. സംഭവം നടന്ന് 23 വർഷത്തിന് ശേഷമാണ് വയനാട് ജില്ല പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധി പറയുന്നത്.ആദിവാസി ഗോത്ര മഹാസഭാ നേതാവ് എം ഗീതാനന്ദൻ ആണ് ഒന്നാം പ്രതി. 2003 ഫെബ്രുവരി 19നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ സംഘർഷത്തിനിടെയാണ് കെ വി വിനോദ് എന്ന പൊലീസുകാരൻ കൊല്ലപ്പെട്ടത്. കേരള ചരിത്രത്തിലെ രക്തരൂക്ഷിതമായ ആദിവാസി സമരങ്ങളില്‍ ഒന്നാണ് മുത്തങ്ങയില്‍ ഭൂമിക്ക് വേണ്ടി സി കെ ജാനു നയിച്ച സമരം.2001ല്‍ എ കെ ആന്റണി സർക്കാർ അധികാരത്തിലേറിയ ശേഷം ഒന്നരമാസം നീണ്ട സമരം സെക്രട്ടറിയേറ്റ് മുമ്പാകെ നടത്തിയപ്പോള്‍ കിട്ടിയ ഉറപ്പായിരുന്നു ആദിവാസികള്‍ക്ക് ഭൂമി നല്‍കാം എന്നുള്ളത്. മൂന്നുവർഷം കഴിഞ്ഞ് ജനുവരിയില്‍ ഉറപ്പ് പാലിക്കാത്തതിനാല്‍ സി കെ ജാനുവും ഗീതാനന്ദനും നയിച്ച ആദിവാസി ഗോത്ര മഹാസഭ മുത്തങ്ങ വനഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചു. എണ്ണൂറിലേറെ ആദിവാസികള്‍ ഇവർക്കൊപ്പം ഇതേ ഭൂമിയില്‍ കെട്ടി സമരത്തിന്റെ ഭാഗമായി. തകരപ്പാടിയില്‍ സമരക്കാർ ചെക്ക് പോസ്റ്റ് സ്ഥാപിച് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞു. കെ സുധാകരൻ ആയിരുന്നു അന്ന് വനമന്ത്രി. ചർച്ചകള്‍ ഫലം കണ്ടില്ല. ഒടുവില്‍ ഫെബ്രുവരി 19ന് പൊലീസ് നടപടി ആരംഭിച്ചു. ആദിവാസികള്‍ കെട്ടിയ കുടിലുകള്‍ കത്തിച്ചു. 18 റൗണ്ട് വെടിവെച്ചു. ആദിവാസിയായ ജോബി സംഭവസ്ഥലത്ത് വെടിയേറ്റ് മരിച്ചു. ഈ പൊലീസ് നടപടിക്കിടെയാണ് വിനോദിനെ ആദിവാസികള്‍ ബന്ദിയാക്കിയത്. വിനോദിനൊപ്പം പി കെ ശശിധരൻ എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനെയും ബന്ദിയാക്കിയിരുന്നു. കഴുത്തിലടക്കം ഗുരുതരമായി മുറിവേറ്റ വിനോദ് ചോര വാർന്നാണ് മരിച്ചത്. ശശിധരന് ഗുരുതരമായി മുറിവേറ്റു.സംഭവത്തിന് മാവോയിസ്റ്റ് ബന്ധം അടക്കം ആരോപിക്കപെട്ടു. 57 പേർ പ്രതികളായി. 132 ആദിവാസികളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിച്ച്‌ 37 കുട്ടികളെ അടക്കം ജയിലില്‍ അടച്ചതായി പരാതിയുണ്ടായിരുന്നു. 57 പേരെ വിനോദ് വധക്കേസില്‍ പ്രതിചേർത്തു. ഇതില്‍ 13 പേർ വിചാരണ നീണ്ട 23 വർഷത്തിനിടെ മരിച്ചു. സിബിഐ അന്വേഷിച്ച കേസ് ആദിവാസികളുടെ അഭ്യർത്ഥന അനുസരിച്ചാണ് വയനാട് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. നാല് ഡിവൈഎസ്പി മാർക്ക് ഉള്‍പ്പെടെ കേസില്‍ സാക്ഷികള്‍ ആയിരുന്നു. മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കഴുത്തിലെ മുറിവാണ് മരണത്തിനുള്ള പ്രധാനകാരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാല്‍, ഇത് പൊലീസിന്റെ തന്നെ ബയനറ്റ് കൊണ്ടുള്ള മുറിവ് ആകാമെന്നും കേസിന് ദൃക്സാക്ഷികള്‍ ഇല്ല എന്നും ആയിരുന്നു പ്രതിഭാഗം വാദം. സംഭവം നടന്ന് 15 വർഷത്തിനുശേഷം 2018ലാണ് കേസിന്റെ വിചാരണ തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *