പൊതുജനങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന പ്രവൃത്തി ചെയ്ത ഫ്രഞ്ച് വിദ്യാർത്ഥിക്ക് 600 സിങ്കപ്പൂർ ഡോളർ (44,487 രൂപ) പിഴ ചുമത്തി സിങ്കപ്പൂർ കോടതി.ഓറഞ്ച് ജ്യൂസ് വെൻഡിങ് മെഷീനിലേക്ക് നക്കിയ സ്ട്രോ നിക്ഷേപിച്ച സംഭവത്തിലാണ് വിദ്യാർത്ഥിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഫ്രഞ്ച് പൗരനായ ദിദിയർ ഗാസ്പാർഡ് ഓവൻ മാക്സിമിലിയനാണ് പിഴ ചുമത്തിയത്. ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ആണ് 19കാരനായ വിദ്യാർത്ഥിക്ക് വിനയായത്.ഇക്കഴിഞ്ഞ മാർച്ച് മാസം 12-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ഗോള്‍ഡ്ഹില്‍ സെൻ്ററിലെ ഐജ്യൂസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഓറഞ്ച് ജ്യൂസ് വെൻഡിങ് മെഷീനിലാണ് യുവാവ് നക്കിയ സ്ട്രോ നിക്ഷേപിച്ചത്. മെഷീനില്‍നിന്ന് സ്ട്രോ എടുത്ത് വായിലിട്ട് നക്കിയ ശേഷം തിരികെ മെഷീനിലേക്ക് തന്നെ നിക്ഷേപിക്കുകയായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങള്‍ പകർത്തി ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച് വിദ്യാർത്ഥി സ്വയം കുഴിതോണ്ടി.നഗരം സുരക്ഷിതമല്ലെന്ന ക്യാപ്ഷനോടെ ആയിരുന്നു വിദ്യാർത്ഥി വീഡിയോ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അസ്വസ്ഥതയുണ്ടാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രാദേശിക മാധ്യമങ്ങളടക്കം സംഭവം വാർത്തയാക്കുകയും സംഭവം വലിയ ചർച്ചയാകുകയും ചെയ്തു. യുവാവിൻ്റെ പ്രവൃത്തിക്ക് പിന്നാലെ മെഷീനില്‍ ഉണ്ടായിരുന്ന 500 സ്ട്രോയും മാറ്റി പുതിയത് വെച്ചതായി ഐജ്യൂസ് അറിയിച്ചു.സിങ്കപ്പൂരില്‍ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന പ്രവൃത്തി ചെയ്യുന്നവർക്ക് 2000 സിങ്കപ്പൂർ ഡോളർ പിഴയോ മൂന്നു മാസം ജയില്‍വാസമോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ നേരിടേണ്ടിവരും. എന്നാല്‍ 19കാരൻ്റെ പ്രവൃത്തിക്കെതിരെ പിഴ മാത്രം ചുമത്തിയാല്‍ മതിയെന്ന് പ്രോസിക്യൂഷൻ നിലപാടെടുത്തു. എല്ലാ പ്രശ്നങ്ങള്‍ക്കും മാക്സിമിലിയൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നതായും തമാശയായി തോന്നിയ ഒരു കാര്യം ഇപ്പോള്‍ വളരെ ഗൗരവമേറിയ ഒന്നായി മാറിയെന്നും പ്രതിഭാഗം അഭിഭാഷകനെ ഉദ്ധരിച്ച് ദ സ്ട്രെയിറ്റ് ടൈംസ് റിപ്പോർട്ട് ചെയ്തു.
വായിലിട്ട് നക്കിയ സ്ട്രോ വെൻഡിങ് മെഷീനിലിട്ടു, 19കാരന് പിഴ ചുമത്തി സിങ്കപ്പൂര്‍ കോടതി
