ഹണിമൂണ്‍ യാത്രയ്ക്കിടെ ഭര്‍ത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രമുഖ പ്രതി സോനം രഘുവംശി മേഘാലയ വിചാരണക്കോടതിയില്‍ കീഴടങ്ങി.ജാമ്യം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ സോനം കോടതിയിലെത്തി കീഴടങ്ങിയത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലാ പോലീസ് സൂപ്രണ്ട് വിവേക് സയം അറിയിച്ചു.ജൂലൈ 23-നാണ് മേഘാലയ ഹൈക്കോടതി സോനം രഘുവംശിക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കുകയും മൂന്ന് ആഴ്ചയ്ക്കകം കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തത്. 2025 മെയ് 23-ന് മേഘാലയയിലെ സോഹ്‌റയില്‍ വിനോദസഞ്ചാരത്തിനെത്തിയ ദമ്പതികളെ കാണാതാവുകയും, തുടര്‍ന്ന് ജൂണ്‍ 2-ന് രാജയുടെ മൃതദേഹം ആഴമേറിയ മലയിടുക്കില്‍ നിന്ന് കണ്ടെത്തുകയുമായിരുന്നു.സാമ്പത്തിക നേട്ടത്തിനായി കാമുകന്‍ രാജ് കുശ്വാഹയുമായി ചേര്‍ന്ന് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് സോനം ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.മേഘാലയ സര്‍ക്കാരാണ് ജാമ്യത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ആറ് മാസത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ സോനത്തിന് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്നും ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഹണിമൂണ്‍ യാത്രയ്ക്കിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസ്: സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ സോനം രഘുവംശി കോടതിയില്‍ കീഴടങ്ങി; പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
