ഗംഗാ നദിയുടെ മുകളിൽ വെച്ച് കോഴിയിറച്ചി കഴിക്കുന്നത് തടയുന്ന യാതൊരു നിയമവുമില്ല,” ഉപവാസം അവസാനിപ്പിക്കുന്നതിനിടെ ചിക്കൻ ബിരിയാണി കഴിച്ചതിന് യുവാക്കളെ അറസ്റ്റ് ചെയ്ത നടപടിയെ സുപ്രീം കോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ ശനിയാഴ്ച കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെയായിരുന്നു. “ചിക്കൻ ബിരിയാണി കഴിക്കുന്നത് ഒരു കുറ്റകൃത്യമല്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അതൊരിക്കലും ഒരു കുറ്റകൃത്യമാകില്ല. ഈയൊരു കാരണത്താൽ മാത്രമാണ് അവർ അറസ്റ്റ് ചെയ്യപ്പെട്ടതും മൂന്ന് മാസത്തോളം ജയിലിൽ കഴിയേണ്ടി വന്നതും,” അദ്ദേഹം പറഞ്ഞു.ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റിയിൽ നടന്ന ജസ്റ്റിസ് ജി പി സിംഗ് നാലാമത് സ്മാരക പ്രഭാഷണത്തിൽ സംസാരിക്കവെയാണ്, സമാധാനപരമായ പ്രതിഷേധങ്ങൾ ഒരു ജനാധിപത്യത്തിന്റെ കേന്ദ്രബിന്ദുവാണെന്നും എന്നാൽ സാധാരണ വിയോജിപ്പുകളെപ്പോലും കുറ്റകൃത്യങ്ങളായി ചിത്രീകരിക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണെന്നും ജസ്റ്റിസ് ഭുയാൻ പറഞ്ഞത്. തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള അവകാശം പൗരന്മാരുടെ മൗലിക സ്വാതന്ത്ര്യമാണ്. ചർച്ചകളും വിയോജിപ്പുകളുമാണ് ജനാധിപത്യത്തിന്റെ സത്ത. നിർഭാഗ്യവശാൽ, സ്വാഭാവികമായ പ്രവർത്തനങ്ങൾ പോലും ഇവിടെ കുറ്റകൃത്യങ്ങളാക്കപ്പെടുകയാണ്,” അദ്ദേഹം വ്യക്തമാക്കി.പരിസ്ഥിതി പ്രക്ഷോഭങ്ങളെയും വിദ്യാർത്ഥി പ്രതിഷേധങ്ങളെയും കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ, “പരിസ്ഥിതി നാശത്തിൽ തങ്ങളുടെ വേദന രേഖപ്പെടുത്താൻ എത്തുന്ന ആളുകളെ എന്തോ ക്രിമിനലുകളെപ്പോലെയാണ് ഓടിക്കുന്നത്. ക്യാമ്പസുകളിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ അറസ്റ്റ് ചെയ്യപ്പെടുന്നു. അവർക്ക് 30-40 ദിവസത്തേക്ക് ജാമ്യം പോലും ലഭിക്കുന്നില്ല.” പലപ്പോഴും വിദ്യാർത്ഥികൾ സസ്‌പെൻഡ് ചെയ്യപ്പെടുന്നുണ്ടെന്നും അവരുടെ വിദ്യാഭ്യാസം പുനരാരംഭിക്കുന്നതിന് കോടതികളെ സമീപിക്കേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കടുത്ത ജാമ്യവ്യവസ്ഥകളിലൂടെ കോടതികൾ വിയോജിപ്പുകളെ നിരുത്സാഹപ്പെടുത്തുകയാണോ എന്ന് ജസ്റ്റിസ് ഭുയാൻ ചോദിച്ചു. “ഈ വിഷയങ്ങൾ ഗൗരവമേറിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്… കോടതികൾ പ്രതികരിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പലപ്പോഴും അത് വൈകിയാണ് സംഭവിക്കുന്നത്. എന്നാൽ ജാമ്യം അനുവദിക്കുമ്പോൾ ചുമത്തുന്ന കടുത്ത ഉപാധികളാണ് ഏറ്റവും വലിയ ആശങ്കയുണ്ടാക്കുന്നത്. ഇത്തരം നിയന്ത്രണ ഉത്തരവുകളിലൂടെ തങ്ങളുടെ വിയോജിപ്പുകൾ പ്രകടിപ്പിക്കരുതെന്ന് കോടതികൾ പരോക്ഷമായി പൗരന്മാരോട് പറയുകയോ അവരെ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുകയാണോ?” അദ്ദേഹം ചോദിച്ചു.ശിക്ഷാവിധിയെന്നോണം വീടുകൾ പൊളിച്ചുനീക്കുന്ന “ബുൾഡോസർ നീതിക്കെതിരെ” 2024ൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി സ്വാഗതർഹമാണെങ്കിലും അത് “രണ്ട് വർഷം വൈകിയാണ് വന്നത്” എന്ന് ജസ്റ്റിസ് ഭുയാൻ പറഞ്ഞു. ജാമ്യം ലഭിച്ച പ്രതികളെ പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിൽ നിന്നോ വിലക്കുന്ന കേസുകളെക്കുറിച്ചും പരാമർശിച്ച അദ്ദേഹം, ഇത്തരം ഉപാധികൾ പൗരന്മാരുടെ മൗലിക സ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും സാരമായി ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്താൻ അനുമതി നിഷേധിച്ച ബോംബെ ഹൈക്കോടതിയുടെ നടപടിയെയും അദ്ദേഹം വിമർശിച്ചു. കോടതിയുടെ നിരീക്ഷണങ്ങൾ “വളരെ വിചിത്രമായി” തോന്നിയെന്ന് പറഞ്ഞ അദ്ദേഹം, ഇന്ത്യയിലെ പ്രശ്നങ്ങൾക്ക് പകരം എന്തിനാണ് ഗാസയിലെ സംഭവങ്ങളിൽ പ്രതിഷേധിക്കാൻ ആഗ്രഹിക്കുന്നതെന്ന് ഹർജിക്കാരോട് ചോദിച്ചത് ഓർമ്മിപ്പിച്ചു. പലസ്തീനെ ഇന്ത്യ പരമ്പരാഗതമായി അംഗീകരിക്കുന്നുണ്ടെന്നും ഡൽഹിയിൽ പലസ്തീൻ എംബസിയുണ്ടെന്നും ജസ്റ്റിസ് ഭുയാൻ കൂട്ടിച്ചേർത്തു.വിരമിക്കലിന് ശേഷം മുൻ ജഡ്ജിമാർ രാഷ്ട്രീയ മേഖലകളിലേക്ക് കടക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. “ഒരു മുൻ ചീഫ് ജസ്റ്റിസ് ‘നീതിന്യായ വ്യവസ്ഥയും ഭരണകൂടവും തമ്മിലുള്ള അകലം കുറയ്ക്കാൻ ഞാൻ രാജ്യസഭയിലേക്ക് പോകുന്നു’ എന്ന് പറയുമ്പോൾ, അത് അടിസ്ഥാനപരമായി തെറ്റാണ്… അതിൽ തികഞ്ഞ ഒരു തെറ്റിദ്ധാരണയുണ്ട്.” നീതിന്യായ വ്യവസ്ഥ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ ചോദ്യം ചെയ്യാൻ നിയമവിദ്യാർത്ഥികളോട് ആഹ്വാനം ചെയ്ത ജസ്റ്റിസ് ഭുയാൻ, നീതിന്യായ തീരുമാനങ്ങൾ എപ്പോഴും വിമർശനാത്മകമായ പരിശോധനകൾക്ക് വിധേയമാകണമെന്ന് പറഞ്ഞു. “വിധികൾ പ്രസ്താവിച്ച ശേഷം, അവ വിമർശനാത്മകമായി പരിശോധിക്കപ്പെടേണ്ടതുണ്ട്, ആവശ്യമെങ്കിൽ വിമർശിക്കപ്പെടുകയും വേണം. ഒരു വിധിയെ വിമർശിക്കുന്നത് ജഡ്ജിയെ വിമർശിക്കുന്നതിന് തുല്യമല്ല.”നീതിന്യായ വ്യവസ്ഥയുടെ സ്വാഭാവികമായ അംഗീകാരം വരുന്നത് സ്വന്തം വിലയിരുത്തലിൽ നിന്നല്ല, മറിച്ച് ജനങ്ങളുടെ വിശ്വാസത്തിൽ നിന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “എന്റെ തലമുറയേക്കാൾ പുതിയ തലമുറയിലെ അഭിഭാഷകരും നിയമവിദ്യാർത്ഥികളും ഭരണഘടനയോടും നിയമവാഴ്ചയോടും കൂടുതൽ പ്രതിബദ്ധതയുള്ളവരാണ്. അവരിൽ ഞാൻ വലിയ പ്രതീക്ഷ കാണുന്നു,” ജസ്റ്റിസ് ഭുയാൻ വ്യക്തമാക്കി.
“ഗംഗയ്ക്ക് മുകളിലിരുന്ന് ചിക്കൻ കഴിക്കുന്നത് കുറ്റമല്ല”: വിയോജിപ്പുകളെ ക്രിമിനൽ കുറ്റമാക്കുന്നതായി സുപ്രീം കോടതി ജഡ്ജി
