പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഭാര്യയുടെ പതിനാറടിയന്തര ചടങ്ങില്‍ പങ്കെടുക്കാൻ അടിയന്തര പരോള്‍ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി.ഭാര്യയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാൻ നേരത്തേ അനുമതി നല്‍കിയതിനാല്‍ അതിലൂടെ പരമാവധി ഇളവ് നല്‍കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.പത്ത് ദിവസത്തെ അടിയന്തര പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ സഹോദരി സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയോട് ഇത്തരമൊരു ഇളവ് കാണിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി നിരീക്ഷിച്ചു.പ്രതിയുടെ അപേക്ഷ ബന്ധപ്പെട്ട അധികാരികള്‍ വിശദമായി പരിശോധിച്ച ശേഷമാണ് തള്ളിയതെന്നും, പരോള്‍ അനുവദിക്കേണ്ട പ്രത്യേക സാഹചര്യങ്ങള്‍ ഹർജിയില്‍ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും കോടതി വിലയിരുത്തി. കുറ്റത്തിന്റെ ഗൗരവവും കേസിന്റെ സാഹചര്യങ്ങളും കണക്കിലെടുത്ത് അധികാരികളുടെ തീരുമാനത്തില്‍ ഇടപെടാൻ കാരണമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഭാര്യയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാൻ വീണ്ടും പരോള്‍ ഇല്ല; പോക്‌സോ കേസ് പ്രതിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി
