തുറന്ന ജയില്‍ വിവാഹവേദിയായി; ജീവപര്യന്തം തടവുകാര്‍ക്ക് ജയിലിനുള്ളില്‍ വിവാഹം

രാജസ്ഥാനിലെ ജോധ്പൂർ മാണ്ഡോർ തുറന്ന ജയില്‍ ഇന്നലെ അപൂർവ്വമായ ഒരു വിവാഹച്ചടങ്ങിന് സാക്ഷ്യം വഹിച്ചു.വരൻ മൂലാറാം ഭാട്ടി (33), വധു സീമ ഘാട്സെ (31). ഇരുവരും ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്നവർ. രാജസ്ഥാൻ ഹൈക്കോടതിയുടെ പ്രത്യേക വിധി പ്രകാരമായിരുന്നു വിവാഹം. കുടുംബാംഗങ്ങള്‍, ജയില്‍ ഉദ്യോഗസ്ഥർ, ജീവനക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരടക്കം 21 പേരെ സാക്ഷിയാക്കിയായിരുന്നു ദമ്പതികള്‍ മാല ചാർത്തിയത്. ചടങ്ങില്‍ പങ്കെടുത്തവർ ദമ്പതികളെ ആശീർവദിച്ച്‌ മധുരവും വിതരണം ചെയ്തു.വിവാഹത്തിനായി ശിക്ഷ താല്‍ക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മൂലാറാം സമർപ്പിച്ച ഹരജിയിലാണ് വിധി. ജസ്റ്റിസ് പി.എസ്. ഭാട്ടി, ജസ്റ്റിസ് പ്രവീർ ഭട്നാഗർ എന്നിവരടങ്ങിയ രാജസ്ഥാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. പരസ്പര സമ്മതത്തോടെ രണ്ട് മുതിർന്ന വ്യക്തികള്‍ക്ക് വിവാഹം കഴിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്ന് വിധി പ്രഖ്യാപിച്ച്‌ കോടതി ചൂണ്ടിക്കാട്ടി. ആർട്ടിക്കിള്‍ 21 പ്രകാരമുള്ള ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശ പ്രകാരം ശിക്ഷ അനുഭവിച്ചു വരുന്നു എന്ന ഒറ്റക്കാരണത്താല്‍ തടവുകാർക്ക് വിവാഹം കഴിക്കാനുള്ള അവകാശം നിഷേധിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ഇത്തരം നടപടികള്‍ തടവുകാരുടെ പുനരധിവാസത്തിനും സമൂഹത്തിലേക്ക് മടങ്ങിവരുന്നതിനും സഹായിക്കുമെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.തുറന്ന ജയിലിനുള്ളില്‍ വിവാഹം നടത്തുന്നതില്‍ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചതിനെത്തുടർന്നായിരുന്നു വിവാഹം. തുടർന്ന് ജയില്‍ അധികൃതരുടെ മേല്‍നോട്ടത്തില്‍ ചടങ്ങ് നടത്താൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. ചടങ്ങുകള്‍ നടത്താനും മേല്‍നോട്ടം വഹിക്കാനും പുരോഹിതനടക്കം 21 അതിഥികള്‍ക്ക് കോടതി അനുമതി നല്‍കുകയായിരുന്നു.അയല്‍വാസിയെ കൊലപ്പെടുത്തിയ കേസില്‍ 2017 ഫെബ്രുവരി മുതല്‍ മൂലാറാം ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയാണ്. ഭർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സീമയും ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. നല്ല നടപ്പ് കണക്കിലെടുത്ത് ഇരുവരേയും പിന്നീട് മണ്ഡോറിലെ തുറന്ന ജയിലിലേക്ക് മാറ്റുകയായാരുന്നു. ഈ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *