കേരള ഹൈക്കോടതിഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്ന ‘മണി മ്യൂൾ’ ബാങ്ക് അക്കൗണ്ടുകൾ സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് ഹൈക്കോടതി. സൈബർ തട്ടിപ്പുകാർക്ക് പണം കൈമാറാൻ സ്വന്തം ബാങ്ക് അക്കൗണ്ടുകൾ വിട്ടുനൽകുന്ന അക്കൗണ്ടുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. തട്ടിപ്പ് സംശയത്തെ തുടർന്ന് പോലീസ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ ഒരു യുവതി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർണ്ണായക നിരീക്ഷണം.തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മൂന്നര ലക്ഷം രൂപ എത്തിയത് എങ്ങനെയെന്ന് അറിയില്ലെന്ന ഹർജിക്കാരിയുടെ നിലപാട് അത്യന്തം സംശയകരമാണെന്ന് കോടതി വിലയിരുത്തി. കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നതോടെ ഹർജി പിൻവലിക്കാൻ യുവതി അനുമതി തേടിയെങ്കിലും കോടതി ഇത് നിരാകരിക്കുകയായിരുന്നു. ഈ ബാങ്ക് അക്കൗണ്ട് സൈബർ തട്ടിപ്പ് ലക്ഷ്യമിട്ട് മാത്രം ആരംഭിച്ചതാണെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീം, ഹർജിക്കാരിക്കെതിരെ സംഘടിത കുറ്റകൃത്യത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്താൻ പോലീസിന് ഉത്തരവ് നൽകി. സൈബർ തട്ടിപ്പുകളിലെ കള്ളപ്പണ ഇടപാടുകൾ കണ്ടെത്താൻ ഇത്തരം അക്കൗണ്ടുടമകൾക്കെതിരെയുള്ള അന്വേഷണം അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
മണി മ്യൂൾ’ അക്കൗണ്ടുകൾക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി
