അമ്മയെ വിവാഹം ചെയ്യാൻ കുഞ്ഞിനെ കൊന്നു; പ്രതിക്ക് വധശിക്ഷ വിധിച്ച് യു.പി കോടതി

ലഖ്നോ: അമ്മയെ വിവാഹം ചെയ്യാൻ 18 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ വിധിച്ച് ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലാ സെഷൻസ് കോടതി. 18 മാസം പ്രായമുള്ള കുഞ്ഞ് ആരവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വിരാജ് അഥവാ ജിതേന്ദ്ര പാഥക്കിനാണ് വധശിക്ഷ വിധിച്ചത്. സംഭവം നടന്ന് 40 ദിവസത്തിനുള്ളിലാണ് വിചാരണ പൂർത്തിയാക്കി കോടതി ശിക്ഷ പ്രഖ്യാപിച്ചത്.കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജില്ലാ ജഡ്ജി, വെള്ളിയാഴ്ച അന്തിമ വാദം കേട്ടശേഷമാണ് ശിക്ഷ പ്രഖ്യാപിച്ചത്. കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് 13 സാക്ഷികളെയും പ്രതിഭാഗത്തിന്റെ ഭാഗത്ത് നിന്ന് ഒരു സാക്ഷിയെയും കോടതി വിസ്തരിച്ചു. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും ഉൾപ്പെടെയുള്ള തെളിവുകൾ വിലയിരുത്തിയ ശേഷമാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. ശിക്ഷാവിധിക്കായി വെള്ളിയാഴ്ച ഉച്ചക്ക് 2.30ഓടെ കനത്ത സുരക്ഷയിലാണ് വിരാജിനെ ഫിറോസാബാദ് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്.

ഫിറോസാബാദ് ജില്ലയിലെ ശികോഹാബാദിലെ യാദവ് കോളനിയിലാണ് മേയ് 30ന് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുഞ്ഞിനെ പലതവണ റോഡിലേക്കെറിഞ്ഞ് ക്രൂരമായാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. അന്വേഷണത്തിനിടെ പ്രതി കുറ്റം സമ്മതിച്ചു. കുഞ്ഞിന്റെ അമ്മയുമായി പ്രതിക്ക് പ്രണയബന്ധമുണ്ടായിരുന്നുവെന്നും കുഞ്ഞ് തങ്ങളുടെ ബന്ധത്തിനും വിവാഹത്തിനും തടസ്സമാണെന്നാണ് പ്രതി കരുതിയിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. കുഞ്ഞിന്റെ അമ്മയും വിരാജ് തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും മകനെ അതിന് തടസമായാണ് കണ്ടിരുന്നതെന്നും പൊലീസിനോട് മൊഴി നൽകിയിരുന്നു.ക്രൂരമായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധമുയരുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയെങ്കിലും പിന്നീട് പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. അതിവേഗ അന്വേഷണത്തിനൊടുവിൽ ആറു ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുകയും തുടർന്ന് വെറും 40 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *