കൊച്ചി: വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം കാലതാമസമില്ലാതെ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചികിത്സാച്ചെലവും കൂടെയിരിക്കുന്നവരുടെ ചെലവും സർക്കാർ ഏറ്റെടുക്കണമെന്നും കോടതി വ്യക്തമാക്കി.ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിർണായക നിർദേശം നൽകിയത്. നഷ്ടപരിഹാരവും മറ്റ് ചെലവുകളും പിന്നീട് കരാർ കമ്പനിയിൽ നിന്ന് ഈടാക്കുന്ന കാര്യം പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.കള്ളാടി മണ്ണിടിച്ചിൽ സംബന്ധിച്ച വിഷയം ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പരിശോധിച്ചത്. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുമ്പോൾ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.സർക്കാരിന് വേണ്ടി ഹാജരായവർ, തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾക്ക് മന്ത്രിമാരടക്കം സ്ഥലത്ത് നേതൃത്വം നൽകുന്നുണ്ടെന്ന് കോടതിയെ അറിയിച്ചു. അതേസമയം, മൺസൂൺ കാലം ആരംഭിച്ച സാഹചര്യത്തിൽ ഇത്തരത്തിലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് അമിക്കസ് ക്യൂറി അഡ്വ. രഞ്ജിത് തമ്പാൻ കോടതിയിൽ ആവശ്യപ്പെട്ടു.ദുരന്തവുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ. ജീവൻ ബാബു കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.അപകടത്തിന്റെ സാങ്കേതികവും നിയമപരവുമായ കാരണങ്ങൾ പരിശോധിക്കാൻ ദുരന്തനിവാരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം. പരിസ്ഥിതി അനുമതിയിലെ വ്യവസ്ഥകൾ പാലിച്ചോയെന്ന് പരിശോധിക്കാൻ പരിസ്ഥിതി വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം.റിപ്പോർട്ടിൽ, കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജൂൺ 5 മുതൽ തുരങ്ക നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിരുന്നുവെന്നും, ഇത് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സഹായിച്ചെന്നും വ്യക്തമാക്കുന്നു.
കള്ളാടി ദുരന്തത്തിൽ ഹൈക്കോടതി ഇടപെടൽ;ആദ്യം ഇരകൾക്ക് സഹായം നൽകണമെന്ന് നിർദേശം
