പണം വെളുപ്പിക്കൽ കേസ്: സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് നടി ജാക്വിലിൻ ഫെർണാണ്ടസ്

ഡല്‍ഹി: 200 കോടി രൂപയുടെ പണം വെളുപ്പിക്കല്‍ കേസില്‍ തനിക്കെതിരെ കുറ്റം ചുമത്താനുള്ള ഡല്‍ഹി കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് സുപ്രീം കോടതി അനുമതി നല്‍കി.നിയമപ്രകാരമുള്ള മറ്റ് ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യത്തോടെയാണ് ഹര്‍ജി പിന്‍വലിക്കാന്‍ സുപ്രീം കോടതി വ്യാഴാഴ്ച അനുമതി നല്‍കിയത്.നിയമപരമായ മറ്റ് വഴികള്‍ തേടാന്‍ അനുവാദത്തോടെ പ്രത്യേക ലീവ് ഹര്‍ജി പിന്‍വലിക്കാന്‍ ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ അനുമതി തേടിയതായി ജസ്റ്റിസുമാരായ ബി. വി. നാഗരത്‌ന, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.കേസില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖര്‍ എന്നിവരുള്‍പ്പെടെ 16 പേര്‍ക്കെതിരെ കുറ്റം ചുമത്താന്‍ മെയ് 30-നാണ് ഡല്‍ഹി കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് നടി സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ജൂണ്‍ 3-ന് വിചാരണ കോടതി കേസില്‍ ഔദ്യോഗികമായി കുറ്റം ചുമത്തുകയും ചെയ്തിരുന്നു. ജൂണ്‍ 11-ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര ഈ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പലതവണ ചോദ്യം ചെയ്ത ജാക്വിലിനെ, അന്വേഷണസംഘം സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ആദ്യമായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.ജാക്വിലിന്‍ ഫെര്‍ണാണ്ടസ് സുകേഷ് ചന്ദ്രശേഖറുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും സുകേഷിന്റെ കൂട്ടാളി പിങ്കി ഇറാനി വഴി വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങള്‍ കൈപ്പറ്റിയതായും ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്.ജയിലിനുള്ളില്‍ കിടന്നുകൊണ്ട് സുകേഷ് ചന്ദ്രശേഖര്‍ ഒരു സംഘടിത ക്രിമിനല്‍ ശൃംഖല നടത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.പ്രധാനമന്ത്രിയുടെ ഓഫീസ്, ആഭ്യന്തര മന്ത്രാലയം, നിയമ മന്ത്രാലയം എന്നിവിടങ്ങളിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇയാള്‍ തട്ടിപ്പുകള്‍ നടത്തിയത്. വ്യാജ കോളുകളും എന്‍ക്രിപ്റ്റ് ചെയ്ത ആപ്ലിക്കേഷനുകളും ഉപയോഗിച്ച് പരാതിക്കാരിയായ അതിതി സിംഗിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ വന്‍ തുക തട്ടിയെടുത്തത്.ഭീഷണിപ്പെടുത്തല്‍, വഞ്ചന, ആള്‍മാറാട്ടം എന്നിവയിലൂടെ സുകേഷ് ചന്ദ്രശേഖര്‍ സമ്പാദിച്ച 200 കോടിയിലധികം രൂപയുടെ കള്ളപ്പണം ഒളിപ്പിക്കാനും കൈമാറ്റം ചെയ്യാനും ജാക്വിലിന്‍ ഉള്‍പ്പെടെയുള്ള കൂട്ടാളികള്‍ സഹായിച്ചതായും ഇ.ഡി ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *