നായകടിച്ച ചെരിപ്പ് നന്നാക്കി നല്‍കാത്ത കമ്പനിക്ക് 5000 രൂപ പിഴ

തെരുവ്‌നായ കടിച്ച ചെരിപ്പ് നന്നാക്കി നല്‍കാത്ത കമ്പനിക്ക് 5000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി. ചെരിപ്പിന് വില്‍പ്പാനാനന്തര സേവനം നിഷേധിച്ചതിനാണ് നടപടി.സാമൂഹികപ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത നല്‍കിയ ഹരജിയിലാണ് നടപടി.പുതിയ ചെരിപ്പ് വാങ്ങി നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം 35ാം വകുപ്പ് പ്രകാരമാണ് ബോബന്‍ മാട്ടുമന്ത ഫെബ്രുവരിയില്‍ പരാതി നല്‍കിയത്.2025 ഒക്‌ടോബര്‍ 20ന് ബോബനും ഭാര്യ റിംനയും പാലക്കാട് നഗരത്തിലെ ബിഒസി റോഡിലെ കടയില്‍ നിന്നും 695 രൂപക്ക് ചെരിപ്പ് വാങ്ങിയത്. അന്ന് വൈകീട്ട് ക്ഷേത്രദര്‍ശനത്തിന് പോയ ബോബന്‍ തിരികെ വരുമ്പോഴേക്കും അഴിച്ചുവെച്ചിരുന്ന ചെരിപ്പ് തെരുവ്‌നായ കടിച്ച്‌ നാശമാക്കിയിരുന്നു.അടുത്ത ദിവസം ചെരിപ്പ് തുന്നുന്നവരെ സമീപിച്ചെങ്കിലും ആ മോഡലിലുള്ള ചെരിപ്പിന്റെ തവിട്ടു നിറത്തിലുള്ള മെറ്റീരിയല്‍ ലഭ്യമായില്ല. തുടര്‍ന്ന് പരാതിക്കാരന്‍ കമ്പനിയുടെ വാട്‌സാപ്പ് നമ്പറില്‍ പരാതി സന്ദേശം അയച്ചു.കേടുവന്ന ചെരിപ്പ് നന്നാക്കി തരണമെന്നും അതിന്റെ ചെലവ് താന്‍ വഹിക്കാമെന്നും മെറ്റീരിയല്‍ നല്‍കിയാല്‍ താന്‍ തന്നെ ചെരിപ്പ് തുന്നുന്നവരെ കൊണ്ട് നന്നാക്കാമെന്നുംനിര്‍മാണ കമ്പനിയെ അറിയിച്ചു. എന്നാല്‍, നിഷേധാത്മക നിലപാടാണ് കമ്പനി സ്വീകരിച്ചത്.തുടര്‍ന്ന് ബോബന്‍ അഭിഭാഷകന്‍ രതീഷ് ഗോപാലന്‍ മുഖേനെ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് 5000 രൂപ നഷ്ടപരിഹാരം നല്‍കാനും പുതിയ ചെരിപ്പ് വാങ്ങി നല്‍കാനും തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *