ആര്‍ത്തവ ശുചിത്വം പാലിക്കാൻ ബുദ്ധിമുട്ട്; 23കാരിയുടെ ഗര്‍ഭപാത്രം നീക്കം ചെയ്യാൻ അപൂര്‍വ്വ ഉത്തരവുമായി ഹൈക്കോടതി

മാനസിക വളർച്ചാ വൈകല്യങ്ങള്‍ നേരിടുന്ന 23 വയസുള്ള യുവതിയുടെ ഗർഭപാത്രം നീക്കം ചെയ്യാൻ അനുമതി നല്‍കി കർണാടക ഹൈക്കോടതിയുടെ ഉത്തരവ്.ആർത്തവ ശുചിത്വം പാലിക്കാൻ യുവതിക്ക് സാധിക്കുന്നില്ലെന്ന മെഡിക്കല്‍ ബോർഡിന്റെ കണ്ടെത്തലിലാണ് കോടതിയുടെ ഈ അപൂർവ്വ ഉത്തരവ്. യുവതിയുടെ മാതാപിതാക്കള്‍ സമർപ്പിച്ച ഹരജിയില്‍ ജസ്റ്റിസ് സൂരജ് ഗോവിന്ദരാജിന്റേതാണ് ഉത്തരവ്.രോഗിയുടെ ആരോഗ്യം, ശുചിത്വം, അന്തസ് എന്നിവ പരിഗണിച്ചാണ് ഈ ശിപാർശ നല്‍കിയിട്ടുള്ളത്. ആർത്തവ സമയത്തെ വ്യക്തിശുചിത്വം പാലിക്കാൻ കഴിയാത്തത് മൂലം ആവർത്തിച്ചുള്ള അണുബാധകള്‍, പനി, നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകുന്നുണ്ടെന്നാണ് മാതാപിതാക്കള്‍ കോടതിയെ ബോധിപ്പിച്ചത്. പ്രായത്തിനനുസരിച്ചുള്ള ശാരീരികമോ മാനസികമോ ആയ വളർച്ച കൈവരിക്കാൻ സാധിക്കാത്ത ‘ഗ്ലോബല്‍ ഡെവലപ്‌മെന്റല്‍ ഡിലേ’ എന്ന അവസ്ഥയാണെന്നും പ്രായം കൊണ്ട് 23 വയസുണ്ടെങ്കിലും ചിന്താശേഷി വളർച്ചയില്‍ യുവതി വളരെ പിന്നിലാണെന്നും മെഡിക്കല്‍ ബോർഡ് കണ്ടെത്തി.ശസ്ത്രക്രിയ നടത്തുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കാൻ വാണി വിലാസ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിന് കോടതി നിർദേശം നല്‍കിയിട്ടുണ്ട്. ഒരിക്കലും രോഗിയുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള വന്ധ്യകരണമല്ലിതെന്നും കോടതി വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് മുമ്പ് കൗണ്‍സിലിങ് തുടങ്ങിയ പിന്തുണ നല്‍കണമെന്നും മെഡിക്കല്‍ സൂപ്രണ്ടിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *