കൊച്ചി: വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷം പ്രതിശ്രുത വരൻ ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയിലുള്ള കേസ്, ഇരുവരും തമ്മിൽ ഒത്തുതീർപ്പിലെത്തിയെന്ന കാരണം പറഞ്ഞ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിശ്രുത വരൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റെ ഉത്തരവ്. ബലാത്സംഗം എന്നത് സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ഹീനമായ കുറ്റകൃത്യമാണെന്നും കക്ഷികൾ തമ്മിൽ കോടതിക്ക് പുറത്ത് ഒത്തുതീർപ്പുണ്ടാക്കിയെന്ന് കരുതി ക്രിമിനൽ നടപടികൾ അവസാനിപ്പിക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.2024-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പരാതിക്കാരിയായ യുവതിയും പ്രതിയായ യുവാവും എം.ബി.ബി.എസ് ബിരുദധാരികളായ ഡോക്ടർമാരാണ്. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷം യുവതിയുടെ വീട്ടിലെത്തിയ യുവാവ് ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയായിരുന്നു. യുവതി വിസമ്മതിച്ചപ്പോൾ കരണത്തടിക്കുകയും ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് കേസ്. കൂടാതെ, യുവതിയുടെ സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് അപമാനിക്കുകയും പിന്നീട് വിവാഹത്തിൽ നിന്ന് യുവാവ് ഏകപക്ഷീയമായി പിന്മാറുകയും ചെയ്തതായും പരാതിയിൽ പറയുന്നു.എന്നാൽ തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ കോടതിക്ക് പുറത്ത് രമ്യമായി പരിഹരിച്ചുവെന്നാണ് ഹർജിക്കാരനായ യുവാവ് കോടതിയെ അറിയിച്ചത്. ഇത് കേവലം തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ കേസാണെന്നും യുവാവിനെതിരെ പ്രൊസിക്യൂഷൻ നടപടികളുമായി മുന്നോട്ട് പോകാൻ തനിക്ക് താല്പര്യമില്ലെന്നും വ്യക്തമാക്കിക്കൊണ്ടുള്ള യുവതിയുടെ സത്യവാങ്മൂലവും കോടതിയിൽ ഹാജരാക്കിയിരുന്നു.
ബലാത്സംഗം വ്യക്തിപരമായ തർക്കമല്ല’; പ്രതിശ്രുത വരനെതിരെയുള്ള കേസ് ഒത്തുതീർപ്പാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി
