മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ സംഭവം; കോണ്‍ഗ്രസിൻ്റെ ഹര്‍ജി നാളെ പരിഗണിക്കും

മധ്യപ്രദേശില്‍ രാജ്യസഭ സ്ഥാനാർത്ഥി മീനാക്ഷി നടരാജൻ്റെ പത്രിക തള്ളിയതിനെതിരായ കോണ്‍ഗ്രസിന്‍റെ ഹർജി നാളെ പരിഗണിക്കാമെന്ന് സുപ്രീംകോടതി.അതുവരെ ഫലം പ്രഖ്യാപിക്കരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഹർജി നിലനില്‍ക്കുന്നതാണോ എന്ന ചോദ്യം കോടതി ഉയർത്തി. കോണ്‍ഗ്രസ് നല്‍കിയ നിവേദനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.തെലങ്കാനയിലെ ഒരു കോണ്‍ഗ്രസ് നേതാവിനെതിരായ ലൈംഗിക പീഡന പരാതിയില്‍ മീനാക്ഷി നടരാജനെയും കക്ഷിയാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാവിനെതിരെ സംസ്ഥാനത്തിൻ്റെ ചുമതലയുണ്ടായിരുന്ന മീനാക്ഷി നടരാജൻ നടപടിയെടുത്തില്ല എന്നാണ് പരാതിയില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ മീനാക്ഷി നടരാജനെതിരെ നോട്ടീസ് അയച്ചെങ്കിലും കുറ്റം ചുമത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ നാമനിർദ്ദേശപത്രികയില്‍ ഇക്കാര്യം രേഖപ്പെടുത്തേണ്ടതില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ഹർജി നല്‍കിയത്. ഇന്ന് അവധിക്കാല ബെഞ്ചിന് മുമ്പാകെ മനു അഭിഷേക് സിംഗ്വി വിഷയം പരാമർശിച്ചു. പത്രിക തള്ളിയതോടെ ഒരേ പാർട്ടിയിലെ മൂന്ന് പേർ മാത്രമാണ് മത്സരരംഗത്തുള്ളത് എന്നും സിംഗ്വി ചൂണ്ടിക്കാട്ടി. നാളെ കോടതി പരിഗണിക്കും വരെ ഫലം പ്രഖ്യാപിക്കരുതെന്നും സിംഗ്വി ആവശ്യപ്പെട്ടു. ഹർജി നിലനില്ക്കുന്നതാണോ എന്ന ചോദ്യം ഈ സമയം ബെഞ്ചിലെ ജസ്റ്റിസ് പികെ മിശ്ര ഉയർത്തി. ഹർജിയിലെ വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നാളെ പിഴവുകള്‍ തീർത്ത് ഹർജി നല്കാനാണ് കോടതി നിർദ്ദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *