28ാം വയസിൽ കൊല, അപ്പീൽ പരിഗണിച്ചത് 72ൽ; അലഹബാദ് ഹൈക്കോടതിയുടെ അസാധാരണ വൈകിപ്പിക്കലിനെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: അലഹബാദ് ഹൈക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. കൊലക്കേസ് പ്രതിയുടെ അപ്പീല്‍ 40 വര്‍ഷമായിട്ടും തീര്‍പ്പാക്കാത്തതിനാണ് രൂക്ഷ വിമര്‍ശനം. പിഡബ്ല്യുഡി ബെഞ്ച് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര, എ എസ് ചന്ദ്രുകര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിമര്‍ശനം. അലഹബാദ് ഹൈക്കോടതിയുടെ സാഹചര്യം അസ്വസ്ഥതപ്പെടുത്തുന്നുവെന്നും കേസുകള്‍ കെട്ടിക്കിടക്കുന്നത് പരിഹരിക്കാന്‍ എന്ത് നൂതന നടപടികളാണ് ആവശ്യമെന്നും ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര ചോദിച്ചു.1983ലെ കേസാണ് ഇപ്പോഴും തീര്‍പ്പാകാതെ നില്‍ക്കുന്നത്. അന്ന് 28ാം വയസില്‍ സ്വന്തം സഹോദരനെ വെടിവെച്ച് കൊന്ന കേസില്‍ അറസറ്റിലായ വിജയ് സിങ്ങിന്റെ കേസ് പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേസില്‍ 1985ല്‍ വിജയ് സിങ്ങിനെ കാന്‍പുരിലെ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇതിനെതിരെ സിങ് നല്‍കിയ അപ്പീല്‍ 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കൊല്ലം ഫെബ്രുവരിയിലാണ് തീര്‍പ്പാക്കിയത്.41 വര്‍ഷങ്ങള്‍ക്ക് ശേഷം അപ്പീല്‍ ഹൈക്കോടതി തള്ളി. കൊലക്കേസില്‍ വിജയ് സിങ്ങിന് മൂന്നുമാസം മാത്രമേ കസ്റ്റഡിയില്‍ കഴിയേണ്ടി വന്നുള്ളു, ബാക്കി മുഴുവന്‍ വര്‍ഷവും ജാമ്യത്തിലായിരുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇപ്പോള്‍ ഇയാള്‍ക്ക് 72 വയസാണ്. സുപ്രീം കോടതിയിലെ അപ്പീല്‍ തീര്‍പ്പാകും വരെ ജാമ്യം തുടരാമെന്ന് ബെഞ്ച് വ്യക്തമാക്കി . ഈ കേസിനെ മുന്‍നിര്‍ത്തി മാത്രമായിരുന്നില്ല സുപ്രീംകോടതിയുടെ വിമര്‍ശനം. കേസ് വേഗം തീര്‍പ്പാക്കാന്‍ അലഹബാദ് കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാറുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വേഗം കേസ് തീര്‍പ്പാക്കാന്‍ എന്തുചെയ്യാനാകുമെന്ന് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനായ സിദ്ധാര്‍ത്ഥ് ദവെ, അഡ്വ. സോഹെബ് ഹുസൈന്‍ എന്നിവരോട് ചോദിച്ചു. മൂന്നുവര്‍ഷത്തിലേറെ തീര്‍പ്പാകാതെ കിടക്കുന്ന പ്രോസിക്യൂഷന്‍ അപ്പീലുകള്‍ തള്ളണമെന്നായിരുന്നു ദവെ അഭിപ്രായപ്പെട്ടത്. എന്നാല്‍ തീര്‍പ്പാകാന്‍ വൈകുന്നുവെന്ന കാരണത്തില്‍ മാത്രം ഹര്‍ജി തള്ളുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാകുമെന്ന് സുപ്രീം കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *