ന്യൂഡൽഹി: പ്രായപൂർത്തിയായ രണ്ടുപേർ തമ്മിൽ വിവാഹത്തിന് മുമ്പ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. തെലങ്കാനയിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥിയുടെ നിയമനം നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി ഉണ്ടായത്.വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാരോപിച്ച് 2014-ൽ രജിസ്റ്റർചെയ്ത കേസിൽ തെലങ്കാന സ്റ്റേറ്റ് ലെവൽ പോലീസ് റിക്രൂട്ടമെന്റ് ബോർഡ് ഉദ്യോഗാർത്ഥിയുടെ താൽക്കാലിക നിയമനം റദ്ദാക്കിയിരുന്നു. പിന്നീട് ഈ കേസ് 2015-ൽ ലോക് അദാലത്ത് മുഖേന ഒത്തുതീർപ്പാക്കി. ഉദ്യോഗാർത്ഥി തന്റെ അപേക്ഷാ ഫോമിൽ ഈവിവരങ്ങൾ കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. നിയമനം നൽകാത്തതിനെത്തുടർന്നാണ് ഉദ്യോഗാർത്ഥി കോടതിയെ സമീപിച്ചത്.അവിവാഹിതരായ രണ്ടുപേർ അവരുടെ താൽപര്യപ്രകാരം ബന്ധം പുലർത്തുന്നതിന് തടസ്സമാകുന്ന യാതൊരു നിയമവും രാജ്യത്തില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എല്ലാ പ്രണയബന്ധങ്ങളും വിവാഹത്തിൽ കലാശിക്കണമെന്നില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിവാഹ ബന്ധത്തിൽ എത്തിയില്ല എന്നതുകൊണ്ട് പങ്കാളികളിൽ ഒരാൾ ചതിച്ചുവെന്ന് കരുതാനാകില്ല. വിവാഹവാഗ്ദാനം നൽകിയുള്ള പീഡനക്കേസ് ലോക് അദാലത്തിൽ ഒത്തുതീർപ്പാക്കുന്നത് കുറ്റം സമ്മതിക്കലല്ലെന്നും സുപ്രീം കോടതി പറഞ്ഞു.ധാർമ്മിക അധഃപതനം ചൂണ്ടിക്കാട്ടിയാണ് റിക്രൂട്ട്മെന്റ് ബോർഡ് ഉദ്യോഗാർത്ഥിക്ക് നിയമനം റദ്ദാക്കിയത്. ഇതിനെതിരേ തെലങ്കാന ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും നിയമനത്തിന് റിക്രൂട്ട്മെന്റ് ബോർഡ് തയ്യാറായിരുന്നില്ല. ഡിവിഷൻ ബെഞ്ച് പിന്നീട് ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു. തുടർന്നാണ് ഉദ്യോഗാർത്ഥി സുപ്രീം കോടതിയെ സമീപിച്ചത്.ഇത്തരം ബന്ധങ്ങൾ ഇപ്പോൾ വർധിച്ചുവരികയാണെന്നും ദീർഘകാലമായി തുടരുന്ന ബന്ധങ്ങളിൽ പരസ്പര സമ്മതമുണ്ടായിരുന്നുവെന്ന് അനുമാനിക്കാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
എല്ലാ പ്രണയവും വിവാഹത്തിൽ കലാശിക്കണമെന്നില്ല, അവിവാഹിതർ തമ്മിലുള്ള ശാരീരികബന്ധം സ്വഭാവദൂഷ്യമല്ല’
