മുംബൈയില്‍ 5 കോടിയുടെ സ്വര്‍ണ്ണക്കടത്ത്: ബി.ജെ.പി ഭാരവാഹി ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 5 കോടിയിലധികം രൂപയുടെ സ്വര്‍ണം കടത്തിയ കേസില്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) ഭാരവാഹി അജിത് ആച്ചരേക്കര്‍ ഉള്‍പ്പെടെ ഏഴുപേരെ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച പുലര്‍ച്ചെ 2:30 ഓടെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ ഒരുക്കിയ കെണിയിലാണ് പ്രതികള്‍ കുടുങ്ങിയത്.വിമാനത്താവള പരിസരത്ത് സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തത്. ബി.ജെ.പിയുടെ തൊഴിലാളി വിഭാഗം സെക്രട്ടറിയാണ് അറസ്റ്റിലായ അജിത് ആച്ചരേക്കര്‍ എന്ന് പറയപ്പെടുന്നു.ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രവീന്ദ്ര ചവാന്റെ സാന്നിധ്യത്തിലാണ് ഇയാള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയില്‍ സുപ്രധാനമായ ചുമതലയും ഇയാള്‍ക്ക് നല്‍കിയിരുന്നു.രോഹിത് കുമാര്‍ സിംഗ്, സന്തോഷ് സുഭാഷ്, സമീമുള്ള ഷാ, ഹാമിദ് ലെബെരീഫ്ഖാന്‍, ഫലീല്‍ മുഹമ്മദ് കാസിം എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ശിവസേന (യു.ബി.ടി) എം.പി സഞ്ജയ് റാവത്ത് എക്‌സ് പ്ലാറ്റ്ഫോമിലൂടെ ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി.മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ രവീന്ദ്ര ചവാന്റെ പെരുമാറ്റവും സംസാരവും സംസ്ഥാനത്തിന്റെ സാമൂഹിക-രാഷ്ട്രീയ സംസ്‌കാരത്തിന് ഒരിക്കലും അനുയോജ്യമല്ലെന്ന് അദ്ദേഹം കുറിച്ചു.’കൊങ്കണ്‍ മേഖലയില്‍ നടന്ന ഓരോ തിരഞ്ഞെടുപ്പിലും അദ്ദേഹം അമിതമായി പണം ചിലവഴിച്ചിട്ടുണ്ട്; ജില്ലാ ബാങ്ക് തിരഞ്ഞെടുപ്പും ഇതേ രീതിയിലാണ് കൈകാര്യം ചെയ്തത്,’ റാവത്ത് ആരോപിച്ചു.എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് ബി.ജെ.പി മുഖ്യ വക്താവ് നവ്‌നാഥ് ബാന്‍ ശക്തമായ മറുപടി നല്‍കി. ‘സ്വര്‍ണ്ണക്കടത്തിന് അറസ്റ്റിലായ വ്യക്തികളും ബി.ജെ.പിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ബി.ജെ.പി പ്രവര്‍ത്തകരോ യൂണിയന്‍ അംഗങ്ങളോ ആരും അറസ്റ്റിലായിട്ടില്ല,’ അദ്ദേഹം വ്യക്തമാക്കി.വര്‍ഷങ്ങളായി ‘കാംഗര്‍ സേന’യുടെ ബാനറില്‍ സാധാരണക്കാരായ മറാത്തി യുവാക്കള്‍ ചൂഷണത്തിനും പണം തട്ടലിനും ഇരയാവുകയായിരുന്നുവെന്നും സഞ്ജയ് റാവത്തിന്റെ ഒത്താശയോടെ നടന്ന ഈ ചൂഷണം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രവീന്ദ്ര ചവാന്‍ ഇടപെട്ടാണ് അവസാനിപ്പിച്ചതെന്നും നവ്‌നാഥ് ബാന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *