വിനേഷ് ഫോഗട്ടിനെതിരായ റെസ്‌ലിങ് ഫെഡറേഷന്റെ ഹർജി സുപ്രീം കോടതി തള്ളി; ഹർജി അപ്രസക്തമെന്ന് കോടതി

ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസ് തിരഞ്ഞെടുപ്പ് ട്രയൽസിൽ പങ്കെടുക്കാൻ അനുമതി നൽകിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കേസിന് ആസ്പദമായ സംഭവങ്ങൾക്ക് ശേഷമുണ്ടായ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഫെഡറേഷന്റെ ഈ ആവശ്യത്തിന് ഇപ്പോൾ യാതൊരു പ്രസക്തിയുമില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി നടപടി. ജസ്റ്റിസുമാരായ പി. എസ്. നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വ്യാഴാഴ്ച ഹർജി പരിഗണിച്ചത്. ഡൽഹി ഹൈക്കോടതിയുടെ മുൻ ഉത്തരവിലെ നിരീക്ഷണങ്ങൾ വിശദമായി പരിശോധിക്കാൻ വിസമ്മതിച്ച സുപ്രീം കോടതി, കീഴ്‌ക്കോടതിയുടെ കണ്ടെത്തലുകളെ പരമോന്നത കോടതി അംഗീകരിച്ചിട്ടുണ്ടെന്ന രീതിയിൽ ഇതിനെ വ്യാഖ്യാനിക്കരുതെന്നും വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട എല്ലാ നിയമപരമായ വശങ്ങളും ഭാവി വാദങ്ങൾക്കായി തുറന്നിട്ടിരിക്കുകയാണെന്നും ബെഞ്ച് അറിയിച്ചു.ഫെഡറേഷന്റെ നടപടികൾ അങ്ങേയറ്റം ദൌർഭാഗ്യകരവും ദുരുദ്ദേശപരവുമാണെന്ന രീതിയിൽ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നിലവിൽ സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന കേസിനെ ബാധിക്കുമെന്നതിനാൽ അത് റദ്ദാക്കണമെന്നായിരുന്നു ഡബ്ല്യുഎഫ്ഐയുടെ പ്രധാന വാദം. എന്നാൽ ഈ ചോദ്യങ്ങളെല്ലാം നിയമപരമായി നിലനിർത്തിക്കൊണ്ടുതന്നെ ഹർജി അപ്രസക്തമെന്ന് കണ്ട് സുപ്രീം കോടതി തീർപ്പാക്കുകയാണുണ്ടായത്.ഈ വർഷം നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിനായി മെയ് 30, 31 തീയതികളിൽ നടന്ന തിരഞ്ഞെടുപ്പ് ട്രയൽസിൽ പങ്കെടുക്കാൻ കഴിഞ്ഞ മെയ് 29 നാണ് സുപ്രീം കോടതി വിനേഷ് ഫോഗട്ടിന് ഇടക്കാല അനുമതി നൽകിയിരുന്നത്. ഗുസ്തി താരത്തിന് ട്രയൽസിൽ പങ്കെടുക്കാൻ അനുമതി നൽകിയ ഡൽഹി ഹൈക്കോടതിയുടെ മെയ് 22 ലെ ഉത്തരവിനെയാണ് റെസ്‌ലിങ് ഫെഡറേഷൻ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *