ഓർക്കസ്ട്രകളിലും ഡാൻസ് ട്രൂപ്പുകളിലും കുട്ടിത്തൊഴിലാളികൾ; ഹര്‍ജിയിൽ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: ഓർക്കസ്ട്രകൾ, ഡാൻസ് ട്രൂപ്പുകൾ, മസാജ് പാർലറുകൾ, സ്പാകൾ എന്നിവയിൽ കുട്ടികളെയും കൗമാരക്കാരെയും ജോലിക്ക് നിയോഗിക്കുന്നത് പൂർണ്ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ പ്രതികരണം തേടി. വിഷയം അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം പാഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര മന്ത്രാലയങ്ങൾക്കും മനുഷ്യാവകാശ-ബാലാവകാശ കമ്മീഷനുകൾക്കും നോട്ടീസ് അയച്ചത്.കേന്ദ്ര തൊഴിൽ മന്ത്രാലയം, നിയമ-നീതി മന്ത്രാലയം, ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചിട്ടുള്ളത്. ‘ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ്’ (JRCA) എന്ന സംഘടനയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ എച്ച്എസ് ഫൂൽക്കയാണ് കോടതിയിൽ ഹാജരായത്.കുട്ടികളെ അശ്ലീലമായോ ചൂഷണപരമായോ ചിത്രീകരിക്കുന്ന ഇത്തരം സാഹര്യങ്ങൾ തൊഴിൽ നിയമത്തിന്റെ ‘പാർട്ട് എ’ യിലെ അപകടകരമായ തൊഴിലുകൾ എന്ന വിഭാഗത്തിലേക്ക് മാറ്റി 18 വയസ്സിൽ താഴെയുള്ളവരുടെ ജോലി പൂർണ്ണമായും നിരോധിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *