2008-ൽ കരാർ ഉറപ്പിച്ച സിനിമ പൂർത്തിയായില്ല; ഗൗതമേനോൻ 4.25 കോടി നൽകണമെന്ന് ഹൈക്കോടതി

ചെന്നൈ: സിനിമാ നിർമ്മാണത്തിനുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവിനെതിരെ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. പ്രതിവർഷം 12 ശതമാനം പലിശനിരക്കിൽ 2010ൽ 4.25 കോടി രൂപ ഗൗതംമേനോനും അദ്ദേഹത്തിൻ്റെ പങ്കാളിത്തസ്ഥാപനവും തിരിച്ചടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. കോടതി ഫീസായി 9.57 ലക്ഷവും അഭിഭാഷക ഫീസായി 2.5 ലക്ഷവും 12 ലക്ഷം രൂപ ചെലവുകൾക്കായി നൽകണം.എൽഡി കുമാർ എന്നയാളുടെ ആർ.എസ്. ഇൻഫോടെയ്ൻമെൻ്റ് എന്ന നിർമ്മാണ കമ്പനിക്ക് 4.25 കോടി നേരത്തേക്ക് സിംഗിൾ ജഡ്ജി ഉത്തരവിട്ടതിനെതിരെയാണ് ഗൗതംമേനോനും പങ്കാളിത്തമുള്ള ഫോട്ടോൺ ഫാക്ടറിയും 2022 മേയ് മാസം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി പുറപ്പെടുവിച്ച ഉത്തരവ് ശരിവെച്ച ജസ്റ്റിസ് പി. വേൽമുരുകൻ, ജസ്റ്റിസ് കെ. ഗോവിന്ദരാജൻ ബെഞ്ച് ഗൗതം മേനോൻ്റെ ഹർജി തിങ്കളാഴ്ച തള്ളി.കരാർ ഉറപ്പിച്ചിരുന്ന ‘പ്രൊഡക്ഷൻ നമ്പർ 6’ എന്ന പേരിടാത്ത സിനിമ ഗൗതമേനോൻ പൂർത്തിയാക്കിയില്ലെന്ന് ആരോപിച്ച് 2013-ലാണ് ആർ.എസ്. ഇൻഫോടെയ്ൻമെൻ്റ് ഹൈക്കോടതിയെ സമീപിച്ചത്. 2008 നവംബർ 27-ന് കരാർ ഒപ്പുവെച്ചപ്പോൾ നിർമ്മാണച്ചെലവുകൾക്കായി ആർ.എസ്. ഇൻഫോടെയ്ൻമെൻ്റ് ഫോട്ടോൺ ഫാക്ടറിക്ക് 13.5 കോടി അനുവദിച്ചു. 2008 ഡിസംബർ മാസത്തിൻ്റെ നിർമ്മാണം തുടങ്ങി 2009 ഏപ്രിൽ അഞ്ചിനകം പൂർത്തിയാക്കണമെന്നു കരാർ ഉണ്ടായിരുന്നു. നിശ്ചിതസമയത്തിനകം സിനിമ പൂർത്തിയാക്കിയില്ലെങ്കിൽ ഫോട്ടോൺ ഫാക്ടറി പ്രതിവർഷം 24 ശതമാനം പലിശസഹിതം 13.5 കോടി തിരിച്ച് നൽകണമെന്നും കരാറിൽ വ്യവസ്ഥയുണ്ട്.തുടർന്ന് ആർ.എസ്. ഇൻഫോടെയ്ൻമെൻ്റ് ഫോട്ടോൺ ഫാക്ടറിക്ക് ഗഡുക്കളായി 4.25 കോടി നൽകിയെങ്കിലും സിനിമയുടെ നിർമ്മാണം ആരംഭിച്ചില്ല. 2010 ഫെബ്രുവരി 12-ന് സിനിമ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കാമെന്ന് വാദി സമ്മതിച്ചു. എന്നാൽ വർഷങ്ങളായി അത് സംഭവിക്കാത്തപ്പോൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനി 2013-ൽ കോടതിയിലെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *