ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതിക്ക് സുപ്രീം കോടതി ജാമ്യം നല്‍കിയില്ല. ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണെന്നും പെട്ടെന്ന് എങ്ങനെ ജാമ്യം നല്‍കുമെന്നും സുപ്രീം കോടതി ചോദിച്ചു.സാക്ഷി മൊഴികള്‍ കാണാതെ തീരുമാനം എടുക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുടെ രേഖകള്‍ കാണണമെന്നും കോടതി ആവശ്യപ്പെട്ടു. 15 ദിവസത്തിനുള്ളില്‍ സാക്ഷി മൊഴിയടക്കം എല്ലാ രേഖകളും ഹാജരാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. കേസ് പരിഗണിക്കാനായി വീണ്ടും മാറ്റി.ടി.പി.ന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതിബാബുവാണ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജ്യോതിബാബു ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. അതിനിടെ, ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് കെ.കെ.രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.പ്രതികള്‍ക്ക് അനുപാതരഹിതമായ ഇളവുകളാണ് ലഭിച്ചതെന്നും സംവിധാനങ്ങളുടെ വിശ്വാസ്യത നഷ്ടമാകുന്ന തരത്തിലുള്ള നടപടികളാണ് ഉണ്ടായതെന്നുമാണ് രമ സത്യവാങ്മൂലത്തില്‍ പറഞ്ഞത്. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നല്‍കുമെന്നും രമ ചൂണ്ടിക്കാട്ടി.2012 മെയ് നാലിനാണ് ആർഎംപി നേതാവായ ടി.പി.ചന്ദ്രശേഖരൻ കോഴിക്കോട് വടകര ഒഞ്ചിയത്തിനടുത്ത് വളളിക്കാട് വച്ച് ക്രൂരമായി കൊല്ലപ്പെട്ടത്. ടി പി ചന്ദ്രശേഖരൻ വധക്കേസില്‍ 2014 ജനുവരി 22 ന് 12 പേരെ കുറ്റക്കാരെന്ന് കണ്ടെത്തുകയും ഇവരെ 23 ന് കോഴിക്കോട് ഇരഞ്ഞിപാലം സെപ്ഷ്യല്‍ അഡീഷണല്‍ സെഷൻസ് കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു.സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പി.കെ.കുഞ്ഞനന്തൻ, കുന്നമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ സി രാമചന്ദ്രൻ,, കടുങാപൊയില്‍ ബ്രാഞ്ച് അംഗം മനോജ് എന്ന ട്രൗസർ മനോജ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രധാനപ്പെട്ട സിപി എമ്മിന്രെ പ്രാദേശിക നേതാക്കള്‍. സിപി എമ്മില്‍ നിന്നും വിട്ട് പുതിയ പാർട്ടി രൂപീകരിച്ച വിമത നേതാവിനെ ക്രിമിനല്‍ ഗൂഢോലചന നടത്തി കൊലപ്പെടുത്തി എന്നാണ് കേസ്.
ടി പി വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല; സുപ്രീംകോടതി
