രാജ്യത്തെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നിർബന്ധിത ആർത്തവ അവധി അനുവദിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ആർത്തവ അവധി നിയമപരമായി നിർബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴില്‍ സാധ്യതകളെ ദോഷകരമായി ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.’ഇത്തരമൊരു നിയമം കൊണ്ടുവന്നാല്‍ തൊഴിലുടമകള്‍ സ്ത്രീകള്‍ക്ക് ജോലി നല്‍കാൻ വിമുഖത കാണിക്കും. സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ‘താഴ്ന്നവരാണെന്ന’ ഒരു മനഃശാസ്ത്രപരമായ തോന്നല്‍ സമൂഹത്തില്‍ ഇത് സൃഷ്ടിക്കും. തൊഴിലുടമകളുടെ മനോഭാവം നിങ്ങള്‍ക്കറിയില്ല, നിയമം നിർബന്ധമാക്കിയാല്‍ അവർ സ്ത്രീകളെ ജോലിക്കെടുക്കില്ല’ – ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർണ്ണായക നിരീക്ഷണം.ആർത്തവത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതും നിയമം വഴി അവധി നിർബന്ധമാക്കുന്നതും രണ്ടാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിർബന്ധിത നിയമം വന്നാല്‍ സ്ത്രീകള്‍ക്ക് ശാരീരികമായ എന്തോ ‘കുഴപ്പമുണ്ടെന്നും’ അവർ ഇൻഫീരിയർ ആണെന്നും മുദ്രകുത്തപ്പെടാൻ സാധ്യതയുണ്ട്. ഇത് സ്ത്രീകളുടെ കരിയർ തന്നെ ഇല്ലാതാക്കാൻ കാരണമായേക്കാം. ജുഡീഷ്യറിയിലോ സർക്കാർ സർവീസിലോ പോലും പിന്നീട് സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായേക്കാം. ‘നിങ്ങള്‍ വീട്ടിലിരുന്നോളൂ’ എന്ന് പറയുന്ന അവസ്ഥയിലേക്ക് ഇത് കാര്യങ്ങളെ എത്തിക്കുമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. നേരത്തെ, 2013-ല്‍ കേരള സർക്കാർ എല്ലാ സംസ്ഥാന സർവ്വകലാശാലകളിലും വിദ്യാർത്ഥിനികള്‍ക്ക് ആർത്തവ അവധി അനുവദിച്ചത് ലിംഗനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. സമാനമായി ചില സ്വകാര്യ കമ്പനികളും നിലവില്‍ ആർത്തവ അവധി നല്‍കുന്നുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ എം.ആർ ഷംഷാദ് കോടതിയില്‍ ചൂണ്ടിക്കാട്ടി.എന്നാല്‍, കേരളത്തിലെയും ചില കമ്പനികളിലെയും നടപടികള്‍ സ്വമേധയാ ഉള്ളതാണെന്നും അത് നിയമപരമായി നിർബന്ധമാക്കുന്നതിലെ അപകടമാണ് തങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയില്‍ ആർത്തവ ശുചിത്വം പെണ്‍കുട്ടികളുടെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം ആർത്തവ ശുചിത്വം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. ഇതിന്റെ ഭാഗമായി സൗജന്യ സാനിറ്ററി നാപ്കിനുകള്‍, വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്കായി പ്രത്യേക ശൗചാലയങ്ങള്‍ എന്നിവ ഉറപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
‘നിര്‍ബന്ധിത ആര്‍ത്തവ അവധി നല്‍കിയാല്‍ ആരും സ്ത്രീകള്‍ക്ക് ജോലി നല്‍കില്ല’; ഹര്‍ജി തള്ളി സുപ്രീം കോടതി തൊഴിലുടമകളുടെ മനോഭാവം മാറണം
